പത്മനാഭ സ്വാമി ക്ഷേത്ര നിധി ശേഖരം; മ്യൂസിയം ഒരുങ്ങുന്നു

5 years ago

ചുരുങ്ങിയത‌് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തില്‍നിന്ന‌് വരുമാനം ലഭിക്കുമെന്നാണ‌് സമിതി നിഗമനം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയം ഒരുങ്ങുന്നു.
20,000 ചതുരശ്ര മീറ്റര്‍ വിസ‌്തീര്‍ണത്തില്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള മ്യൂസിയം നിര്‍മിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ‌്ധസമിതി ശുപാര്‍ശ. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന‌് 2009--10 കാലയളവില്‍ ക്ഷേത്രനിലവറകള്‍ പരിശോധിച്ചപ്പോഴാണ‌് ശതകോടികള്‍ വിലമതിക്കുന്ന അമൂല്യമായ വന്‍ വജ്ര, സ്വര്‍ണാഭരണ ശേഖരം കണ്ടെത്തിയത‌്. ഇവ തിട്ടപ്പെടുത്താനും എന്തുചെയ്യണമെന്ന‌് പരിശോധിക്കാനുമാണ‌് സമിതി. 13--ാം നൂറ്റാണ്ടുമുതലുള്ള സ്വര്‍ണാഭരണങ്ങള്‍, വജ്രം, പവിഴം, മുത്ത‌് പതിപ്പിച്ച ആഭരണങ്ങള്‍, യൂറോപ്യന്‍ നാണയങ്ങള്‍, ഏഷ്യയിലെ വിവിധഭാഗങ്ങളിലെയും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെയും നാണയശേഖരങ്ങള്‍ എന്നിവയാണ‌് ക്ഷേത്രത്തില്‍ ഇതിനകം തുറന്ന എ, സി, ഡി, ഇ, എഫ‌് നിലവറകളിലുള്ളത‌്.
ഇതില്‍ എ നിലവറയിലുള്ള ശേഖരങ്ങളാണ‌് മ്യൂസിയത്തില്‍ ആദ്യം ഉള്‍പ്പെടുത്തുക.
ബി നിലവറ തുറക്കുന്ന മുറയ‌്ക്ക‌് അവയും ഉള്‍പ്പെടുത്താം. സി, ഡി,ഇ, എഫ‌് നിലവറകളിലെ ശേഖരങ്ങള്‍ ക്ഷേത്രാവശ്യത്തിന‌് ദൈനംദിനവും ഉത്സവസമയത്തും ഉപയോഗിക്കേണ്ടതിനാല്‍ അവ മ്യൂസിയത്തില്‍ സ്ഥാപിക്കില്ല. മ്യൂസിയത്തോട‌് തിരുവിതാംകൂര്‍ രാജകുടുംബം അനുകൂല നിലപാടാണ‌് സ്വീകരിച്ചിട്ടുള്ളതെങ്കിലും എല്ലാ ആഭരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനോട‌് യോജിപ്പില്ലെന്ന‌് റിപ്പോര്‍ട്ടില്‍ പറയുന്നു.അമ്ബലത്തിന്റെ തെക്കേ നടയിലുള്ള കല്യാണമണ്ഡപങ്ങള്‍ ഉപയോഗപ്പെടുത്തി അതീവസുരക്ഷയുള്ള മ്യൂസിയമാണ‌് ഉദ്ദേശിക്കുന്നത‌്. ക്ഷേത്ര സമുച്ചയം, വളപ്പ‌് എന്നിവിടങ്ങളിലെ സൗകര്യം, സുരക്ഷ എന്നിവയെല്ലാം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട‌്. ചുരുങ്ങിയത‌് ദിവസം 12 ലക്ഷംവരെ മ്യൂസിയത്തില്‍നിന്ന‌് വരുമാനം ലഭിക്കുമെന്നാണ‌് സമിതി നിഗമനം. സന്ദര്‍ശകരായ തദ്ദേശിയര്‍ക്ക‌് 500 രൂപയും വിദേശികള്‍ക്ക‌് നൂറ‌് ഡോളറും ഫീസ‌് ഈടാക്കാം.
സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുന്നതിന‌് അനുസൃതമായി വര്‍ഷം 30 കോടി രൂപ വരുമാനമായി ലഭിക്കുമെന്നും റിപ്പോര്‍ട്ട‌് ചൂണ്ടിക്കാട്ടുന്നു.

Loading comments...