ആഡംബരത്തിന്റെ രാജാവ്; റോള്‍സ് റോയ്‌സ് 'കള്ളിനന്‍' ഇന്ത്യയില്‍

6 years ago

റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി 'കള്ളിനന്‍' നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.

ഇവിടെ ഏകദേശം ഒമ്പത് കോടി രൂപയോളം വില വരും ഈ ആഡംബര രാജാവിന്. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത കള്ളിനന്‍ രത്നത്തിന്റെ പേരില്‍ നിന്നാണ് തങ്ങളുടെ ആദ്യ എസ്.യു.വിക്ക് കമ്പനി ഈ പേര് നല്‍കിയത്. ആ രത്‌നത്തോളം വിലമതിക്കുന്നതാണ് ഈ ബ്രിട്ടീഷ് ജന്മമെന്ന് ചുരുക്കം. 2015-ലാണ് ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി കാര്‍ പുറത്തിറക്കുമെന്ന് റോള്‍സ് റോയസ് പ്രഖ്യാപിച്ചത്. കേവലം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരെയും അത്ഭുതപ്പെടുന്ന സൗന്ദര്യത്തോടെ ആദ്യ എസ്.യു.വി. അവതരിപ്പിക്കുകയും ചെയ്തു. റോള്‍സ് റോയ്സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് കള്ളിനന്‍ എസ്.യു.വി.യുടെ ഡിസൈന്‍. പുരാതന റോള്‍സ് റോയ്‌സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ഡി ബാക്ക് എന്ന് പറയും. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. എന്നാല്‍. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്സുകളില്‍ ഏറ്റവും മികച്ചതെന്ന് പറയാം. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത വ്യൂയിങ് സ്യൂട്ടാണ് മറ്റൊരു ആകര്‍ഷണം. ഇത് ഓപ്ഷണലാണ്. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. സാധാരണ തുറക്കുന്നതിന് എതിര്‍വശത്തായിരിക്കും ഡോര്‍ ഹാന്‍ഡിലുകള്‍. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

Loading comments...