എന്താണ് ശാരദ ചിട്ടി തട്ടിപ്പ് കേസ് ?

5 years ago
7

20,000 – 30,000 കോടി രൂപയാണ് ബംഗാളിലും അസമിലും ഒഡീഷയിലുമായി തട്ടിയെടുത്തതെന്നാണ് ആരോപണം

നിക്ഷേപിച്ചാൽ വൻതോതിൽ കാശ് മടക്കിക്കിട്ടുമെന്നു പാവപ്പെട്ടവരെ വിശ്വസിപ്പിച്ചു കോടിക്കണക്കിനു രൂപ തട്ടിയെടുത്തു മുങ്ങി – ശാരദ ചിട്ടി തട്ടിപ്പിനെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം.ചിട്ടികൾ പ്രവർത്തിക്കേണ്ട മാനദണ്ഡങ്ങൾ ഒന്നുപോലും പാലിക്കാതെ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനെതിരെ മാർക്കറ്റ് റെഗുലേറ്ററായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) 2009ൽ തന്നെ രംഗത്തെത്തിയിരുന്നു. 20,000–30,000 കോടി രൂപയാണ് ബംഗാളിലും അസമിലും ഒഡീഷയിലുമായി ഇങ്ങനെ തട്ടിയെടുത്തതെന്നാണ് ആരോപണം. 17 ലക്ഷത്തിലധികം പേരെയാണു തട്ടിപ്പു ബാധിച്ചത്. തുകയുടെ 22 മുതൽ 25% വരെ വർഷംതോറും തിരികെത്തരാമെന്ന ഉറപ്പിന്മേലായിരുന്നു ഇത്. പണമിടപാടു സ്‌ഥാപനങ്ങളിൽനിന്ന് ആയിരക്കണക്കിനു കോടികൾ വാങ്ങി.ഭരണത്തിലിരുന്ന തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ വരെ കമ്പനിയുടെ ഡയറക്ടർമാരായതോടെ ജനങ്ങൾക്കിടയിൽ കമ്പനിയുടെ വിശ്വാസ്യത വർധിച്ചു.എന്നാൽ 2013 ഏപ്രിലിൽ ചിട്ടി കമ്പനി പൊട്ടി. തൃണമൂല്‍ എംപിമാരും എംഎല്‍എമാരുമായ കുണാല്‍ ഘോഷ്, സഞ്ജയ് ബോസ്, സുദീപ് ബന്ദോപാദ്ധ്യായ, തപസ് പാല്‍, മദന്‍ മിത്ര എന്നിവരെ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു. തീർത്തും ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന നിക്ഷേപകർ തകർന്നുപോകാതിരിക്കാൻ സംസ്ഥാന സർക്കാർ 500 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു.ചിട്ടി കമ്പനിയായി സ്ഥാപിച്ച് പിന്നീട് ബ്രാൻഡ് ബിൽഡിങ്ങിന്റെ ഭാഗമായി ബംഗാൾ സിനിമയിലും പ്രാദേശിക ടിവി ചാനലുകളിലും പത്രമാധ്യമങ്ങളിലും കാര്യമായ നിക്ഷേപം നടത്തിയാണു ശാരദ ഗ്രൂപ്പ് വളർന്നത്.2013ൽ 988 കോടി രൂപയാണു മാധ്യമമേഖലയിൽ ശാരദ ഗ്രൂപ്പ് നിക്ഷേപിച്ചത്. എട്ടു പത്രങ്ങളുടെ ഉടമസ്ഥരായി. ആറു ടിവി ചാനലുകൾ, ഒരു എഫ്എം തുടങ്ങിയവ വേറെയും. 2011ൽ ശാരദ ഗ്രൂപ്പ് ഗ്ലോബൽ ഓട്ടമൊബീല്‍സിനെ വാങ്ങി. മോഹൻ ബഗാൻ പോലുള്ള ഫുട്ബോൾ ക്ലബുകളിൽ നിക്ഷേപം നടത്തി. ദുർഗാ പൂജ പോലുള്ളവ സ്പോൺസർ ചെയ്തു. പല പരിപാടികളിലും മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പെടെ അധികാരസ്ഥാനത്തിരിക്കുന്ന തൃണമൂലിന്റെ പല നേതാക്കന്മാരും മുഖ്യാതിഥികളായി.കമ്പനിയുടെ സ്ഥാപകൻ, ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുദീപ്തോ സെന്‍, എക്സിക്യൂട്ടീവ് ഡയറക്ടർ ദേബ്ജാനി മുഖോപാധ്യായ എന്നിവർ കമ്പനി പൊട്ടിയതോടെ മുങ്ങി. പിന്നീട് അറസ്റ്റിലായി. 239 സ്വകാര്യ കമ്പനികളാണു ശാരദ ഗ്രൂപ്പെന്ന കുടക്കീഴില്‍ പ്രവർത്തിച്ചത്. ശാരദ ടൂർ ആൻഡ് ട്രാവൽസ്, ശാരദ റിയൽറ്റി, ശാരദ ഹൗസിങ്, ശാരദ ഗാർഡൻ റിസോർട്ട്സ് ആൻ‌‍ഡ‍് ഹോട്ടൽസ് തുടങ്ങിയ കമ്പനികളിലൂടെയാണു പല പദ്ധതികളും ശാരദ ഗ്രൂപ്പ് നടത്തിയിരുന്നത്.ശാരാദാ ചിട്ടി തട്ടിപ്പു കേസില്‍ സുദീപ്തോ സെന്‍ അറസ്റ്റിലായപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് മറ്റൊരു ഡയറക്ടറായ ദേബ്ജാനി മുഖോപാദ്ധ്യയുടേത്.ശാരദാ ട്രാവല്‍ കമ്പനിയില്‍ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ച ദേബ്ജാനി കണ്ണുചിമ്മും വേഗതയിലാണ് സുദീപ്തോ സെന്നിന്റെ വിശ്വസ്തയും കമ്പനി ഡയറക്ടറുമായത്. ഒടുവില്‍ കശ്മീരില്‍ സെന്‍ അറസ്റ്റിലാകുമ്പോഴും ദേബ്ജാനി ഒപ്പമുണ്ടായിരുന്നു. സെന്നിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും പിന്നില്‍ ദേബ്ജാനിയാണെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എയര്‍ഹോസ്റ്റസ് പരിശീലനം നേടിയ ദേബ്ജാനി ആ ജോലിക്കു പോകാതെ 2007ല്‍ ശാരദാ ട്രാവല്‍സില്‍ നിയമനം നേടുകയായിരുന്നു. കുറച്ചു മാസം കൊണ്ടു തന്നെ സുദീപ്തോ സെന്നിന്റെ അടുപ്പക്കാരിയായി. തുടര്‍ന്ന് എല്ലാവരെയും ആശ്ചര്യപ്പെടുത്തി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയും. 80 ലക്ഷം രൂപയുടെ അപ്പാര്‍ട്ട്‌മെന്റാണ് സെന്‍, ദേബ്ജാനിക്കു സമ്മാനിച്ചത്.കമ്പനിയുടെ ശാഖകള്‍ പൂട്ടി, ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെ ഇരുവരും മുങ്ങുകയായിരുന്നു

Loading comments...