ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം

5 years ago

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ മുന്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം.
സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. പരാതി അന്വേഷണത്തിനായി ഡിജിപി ലോക്‌നാഥ് ബെഹറ ദക്ഷിണ മേഖലാ എഡിജിപിക്ക് കൈമാറി.പോലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ സംഭവത്തിലെ പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് ഡിസിപി ചുമതലയിലുണ്ടായിരുന്ന ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ ഇവിടെ നിന്ന് ആരെയും പിടികൂടാനായിരുന്നില്ല. റെയ്ഡിനെതിരെ ആനാവൂര്‍ നാഗപ്പന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. പരാതിയില്‍ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം ഡിസിപിയുടെ അധികച്ചുമതലയില്‍ നിന്ന് തെരേസ ജോണിനെ മാറ്റുകയും ചെയ്തിരുന്നു.
സിപിഎം ജില്ലാ സെക്രട്ടറിയുടെ പരാതിയിലുള്ള നടപടിക്രമം എന്ന രീതിയില്‍ മാത്രമാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് ഡിജിപി പറഞ്ഞു.
പ്രദേശികമായി നടന്നൊരു വിഷയത്തില്‍ ഒരു പ്രതിയെ പിടിക്കാന്‍ പോലീസ് സി.പി.ഐ(എം)ന്റെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറേണ്ട കാര്യമില്ല. അങ്ങനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസില്‍ കയറുന്നത് മര്യാദകെട്ട നടപടിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.നിയമസഭാ സമ്മേളനം ചേരുന്നതിന്റെ തലേ ദിവസം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്താന്‍ തയ്യാറായ പോലീസ് ഉദ്യോഗസ്ഥ ഒരു വാര്‍ത്ത സൃഷ്ടിക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് നടത്തിയതാണ്. നിയമസഭയില്‍ പ്രതിപക്ഷത്തിന് വര്‍ത്തമാനം പറയാനൊരു അവസരം നല്‍കാന്‍ ഒരു വടിയുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമമാണവര്‍ നടത്തിയത് എന്നാണ് താൻ കരുതുന്നതെന്നും ആനാവൂര്‍ നാഗപ്പന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

Loading comments...