2018ലെ ടെക്നോളജി വിട പറച്ചിലുകൾ

5 years ago
6

യാഹൂ മെസെഞ്ചര്‍, ഗൂഗിള്‍ ഇന്‍ബോക്‌സ്, ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നെര്‍, യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്, ഫേസ്ബുക്ക് ഹെല്ലോ തുടങ്ങിയവ ഇതിൽപ്പെടുന്നു

2018ൽ ലോകത്തോട് വിടപറഞ്ഞ ആപ്പുകളും ടെക്നോളജി സേവനങ്ങളും ഏതെന്ന് പരിശോധിക്കാം.
ടെക്നോളജി പുരോഗമിക്കുന്നതിന് അനുസരിച്ച് പഴയ ടെക്നോളജികള്‍ വിടപറയും ഇത്തരത്തില്‍ 2018 ല്‍ വിട പറഞ്ഞ കുറച്ചു പേരാണ് യാഹൂ മെസെഞ്ചര്‍, ഗൂഗിള്‍ ഇന്‍ബോക്‌സ്, ഗൂഗിള്‍ യുആര്‍എല്‍ ഷോര്‍ട്ട്‌നെര്‍, യൂട്യൂബ് ഗെയിമിങ്ങ് ആപ്പ്, ഫേസ്ബുക്ക് ഹെല്ലോ, ഗൂഗിള്‍ പ്ലസ്, തുടങ്ങിയവ.
1998ല്‍ ആരംഭിച്ച യാഹൂ മെസഞ്ചര്‍ 2018 ജൂലൈ 17ന് പ്രവര്‍ത്തനം അവസാനിപ്പിച്ചു. 90കളില്‍ വെബ് അനുഭവവും ചാറ്റുകളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് യാഹൂ മെസഞ്ചര്‍ ആണ്. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ് പോലെയുള്ളവയുടെ ജനപ്രീതി യാഹൂവിന് തിരിച്ചടിയായി. ഒപ്പം യാഹൂവിനെ വെരിസോണ ഏറ്റെടുത്തതോടെ ഈ ആപ്പിന്‍റെ സേവനം അവസാനിപ്പിക്കാന്‍ പുതിയ ഓഹരിഉടമകള്‍ തീരുമാനം എടുത്തു.

2014ല്‍ ലോഞ്ച് ചെയ്ത ഗൂഗിളിന്റെ ഇ മെയില്‍ ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കും.

പരീക്ഷണാര്‍ത്ഥം ഗൂഗിള്‍ ആരംഭിച്ച ഈ ആപ്പ് ജീമെയിലിലേക്ക് വഴിമാറുകയായിരുന്നു. മൊബൈല്‍ ജി-മെയില്‍ ആപ്പ് ഇന്‍ബോക്സിന്‍റെ എല്ലാ പ്രത്യേകതകളും ഇപ്പോള്‍ നല്‍കുന്നതിനാല്‍ തന്നെ ഇന്‍ബോക്സിന്‍റെ അസ്തിത്വം തന്നെ ഇല്ലാതായതോടെ ഈ ആപ്പ് ഗൂഗിള്‍ അവസാനിപ്പിക്കാൻ തീരുമാനമായി.
2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച യുആര്‍എല്‍ ഷോര്‍ട്ട്‌നെര്‍ ഏറെ പ്രാധാന്യമുള്ള സേവനമാണ് നല്‍കിയത്
എഫ്ഡിഎല്‍, ബിറ്റ്‌ലി പോലെ സമാന സേവനം നല്‍കുന്നവ ഉപയോക്താക്കള്‍ക്ക് നിര്‍ദേശിക്കാനും ഗൂഗിള്‍ മറന്നില്ല. 2015ല്‍ ആരംഭിച്ച യൂട്യൂബ് ഗെയിമിങ്ങ് ആപ്പ് 2019 മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഫെയ്‌സ്ബുക്കിന്റെ സ്വന്തം വെര്‍ച്വല്‍ അസിസ്റ്റന്റായിരുന്നു ഫെയ്‌സ്ബുക്ക് എം പേഴ്‌സണല്‍ അസിസ്റ്റന്റ്
വെറും രണ്ടരവര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന എം-നെ ഫെയ്‌സ്ബുക്ക് കൊന്നത് ഈ വര്‍ഷമാദ്യമാണ്. കാലിഫോര്‍ണിയലെ ഏകദേശം രണ്ടായിരം പേര്‍ക്ക് മാത്രമാണ് ഫെയ്‌സ്ബുക്ക് ഈ സേവനം നല്‍കിയിരുന്നത്.

2016-ല്‍ ഗൂഗിള്‍ ആരംഭിച്ച ഗ്രൂപ്പ് മെസ്സേജിംഗ് ആപ്പായ ഗൂഗിള്‍ സ്‌പെയ്‌സസും പാതിവഴിയില്‍ വീണു.

ചെറിയ ഗ്രൂപ്പ് ഫോറമായി രൂപകല്‍പ്പന ചെയ്ത സ്‌പെയ്‌സസ് സ്ലാക്കിന് സമാനമായ ടൂളായിരുന്നു.ലോക ഇമോജി ദിനത്തില്‍ ഗൂഗിള്‍ ബ്ലോബ് ഇമോജിക്ക് വിട നല്‍കി. ഇക്കാര്യം കമ്പനി ഒദ്യോഗിക ബ്ലോഗിലൂടെ ലോകത്തെ അറിയിച്ചു. ഇവയ്ക്ക് പകരം വൃത്താകൃതിയിലുള്ള ഇമോജികള്‍ അരങ്ങുവാഴും. മെസ്സേജിംഗ് ആപ്പായ അലോയില്‍ ബ്ലോബ് ഇമോജികള്‍ സ്റ്റിക്കറായി അവതരിച്ചിട്ടുണ്ട്.
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി 2015-ല്‍ ആണ് ഫെയ്‌സ്ബുക്ക് ഹലോ അവതരിപ്പിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 31-ന് കമ്പനി അതിന്റെ കഴുത്തില്‍ കത്തിവച്ചു. ഫെയ്ബുക്കിലെയും ഫോണിലെ കോണ്ടാക്ടിലെയും വിവരങ്ങള്‍ ഒന്നിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പായിരുന്നു ഹലോ.
ഈ വര്‍ഷം പ്രവര്‍ത്തനം അവസാനിപ്പിച്ച മറ്റൊരു ഫെയ്‌സ്ബുക്ക് ആപ്പാണ് മൂവ്‌സ്. 2014-ല്‍ കമ്പനി ഏറ്റെടുത്ത ആപ്പിന്റെ സഹായത്തോടെ ഉപയോക്താക്കള്‍ക്ക് അവരുടെ വ്യായാമം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കാന്‍ കഴിയുമായിരുന്നു.

ഫെയ്‌സ്ബുക്ക് നിര്‍ത്തിലാക്കിയ മറ്റൊരു ആപ്പാണ് ടുബിഎച്ച്.

2017-ല്‍ ആണ് കമ്പനി ഈ ആപ്പ് സ്വന്തമാക്കിയത്. അമേരിക്കയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള അജ്ഞാത സോഷ്യല്‍ മീഡിയ ആപ്പായിരുന്നു ഇത്.
ഗൂഗിളിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഗൂഗിള്‍+ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചത് ഒക്ടോബറിലാണ്. അഞ്ച് ലക്ഷത്തിലധികം ഗൂഗിള്‍+ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം. ഇത് കണ്ടെത്തി തടയാന്‍ ഗൂഗിളിന് കഴിഞ്ഞതുമില്ല.ഗൂഗിളിന്റെ മെസ്സേജിംഗ് ആപ്പായ അലോയും വിട പറയുകയാണ്. 2016-ല്‍ അവതരിപ്പിച്ച ആപ്പ് 2019 മാര്‍ച്ചില്‍ അപ്രത്യക്ഷമാകും.2016-ല്‍ Nintendo അവതരിപ്പിച്ച സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് മൊബൈല്‍ ആപ്പാണ് മീറ്റോമോ. iOS, ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഇതിലൂടെ പരസ്പരം ആശയവിനിമയം നടത്താന്‍ കഴിയുമായിരുന്നു. Nintendo സെര്‍വറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കുമായിരുന്നുള്ളൂ. ഈ സെര്‍വറുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് ആപ്പിനും വിടപറയേണ്ടി വരുന്നത്.
2015-ല്‍ ഗെയിം പ്രേമികളുടെ മനംകവരാന്‍ എത്തിയ യൂട്യൂബിന്റെ ഗെയിമിംഗ് ആപ്പ് പരാജയം സമ്മതിച്ചിരിക്കുന്നു. 2019 മാര്‍ച്ചില്‍ ആപ്പ് കാലയവനികയ്ക്കുള്ളില്‍ മറയും.

മൂന്ന് വര്‍ഷം മുമ്പ് അവതരിപ്പിച്ച ആന്‍ഡ്രോയ്ഡ് നിയര്‍ബൈ നോട്ടിഫിക്കേഷനും ഇനി ഉണ്ടാവുകയില്ല.

2017-ല്‍ മൈക്രോസോഫ്റ്റ് അവതരിപ്പിച്ച പുതിയ പദ്ധതിയായിരുന്നു- സര്‍ഫസ് പ്ലസ്. ഇതുപ്രകാരം ഉപഭോക്താക്കള്‍ക്ക് സര്‍ഫസ് ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിയും. വില തവണകളായി അടച്ചാല്‍ മതി. 18 മാസത്തിനുള്ളില്‍ അപ്‌ഗ്രേഡ് ചെയ്യാനും അവസരമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ കമ്പനി പദ്ധതി അവസാനിപ്പിച്ചു.സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ ഉദ്ദേശിച്ച് ഗൂഗിള്‍ ആരംഭിച്ച പദ്ധതി ഗൂഗിള്‍ ടാംഗോയും ഈ വര്‍ഷം വിട വാങ്ങുകയാണ്. ഓഗ്മെന്റഡ് റിയാലിറ്റി അടിസ്ഥാന ആന്‍ഡ്രോയ്ഡ് ആപ്പുകളുടെ സൃഷ്ടിക്ക് സഹായിക്കുന്നതായിരുന്നു ഗൂഗിള്‍ ടോംഗോ പ്രോജക്ട്.
വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നിവയ്ക്ക് വേണ്ടിയുള്ള ക്രോം വെബ്‌സ്‌റ്റോറില്‍ നിന്ന് ആപ്പ് സെക്ഷന്‍ ഒഴിവാക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ക്രോം ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഇത് തുടര്‍ന്നും ലഭിക്കും. 2018 ആദ്യപാദത്തില്‍ തന്നെ കമ്പനി തീരുമാനം നടപ്പിലാക്കുകയും ചെയ്തു. നേരത്തേ ഇന്‍സ്റ്റോള്‍ ചെയ്ത ആപ്പുകള്‍ തടസ്സം കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഗൂഗിള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

Loading comments...