ആഫ്രിക്ക പിളരുന്നു!!

5 years ago
1

അഞ്ചുകോടി വര്‍ഷമെടുക്കും ഭൂഖണ്ഡം പിളരുക എന്ന പ്രക്രിയ പൂര്‍ത്തിയാകാനെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വലിപ്പം കുറയാൻ കാരണമാകും വിധത്തിൽ വിള്ളലുകൾ ഉണ്ടാകുന്നതായി ശാസ്ത്ര ലോകം.
ആഫ്രിക്കയില്‍ വടക്കുകിഴക്കന്‍ എത്യോപ്യയിലെ മരുപ്രദേശം 'ആഫാര്‍ ത്രികോണം' എന്നാണ് അറിയപ്പെടുന്നത്. ചെങ്കടലിനും ഏദന്‍ ഉള്‍ക്കടലിനും റിഫ്റ്റ് വാലിക്കും മധ്യേയുള്ള പ്രദേശം. അവിടെ 2005 സെപ്റ്റംബറില്‍ സാമാന്യം ശക്തമായ ഒരു ഭൂകമ്പവും ഏതാനും തുടര്‍ചലനങ്ങളുമുണ്ടായി. ഒരാഴ്ച കഴിഞ്ഞ് ഒരു അഗ്നിപര്‍വ്വത സ്‌ഫോടനവും നടന്നു. ഇത്രയും കാര്യങ്ങള്‍ സംഭവിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ആഫാര്‍ മരുഭൂമിയിലെ ബോനിയ പ്രദേശത്ത് 60 കിലോമീറ്റര്‍ നീളത്തിലൊരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടു!
കിഴക്കന്‍ ആഫ്രിക്കയില്‍ എത്യോപ്യയ്ക്ക് തെക്കാണ് കെനിയ. കെനിയയില്‍ റിഫ്റ്റ് വാലി പ്രദേശത്തെ നാരോക് കൗണ്ടിയില്‍ 2018 മാര്‍ച്ചില്‍ കനത്ത മഴയെ തുടര്‍ന്ന് കിലോമീറ്ററുകളോളം ഭൂമി പിളര്‍ന്നു! ഏതാണ്ട് 50 അടി വീതിയും അത്ര തന്നെ ആഴവുമുള്ള വിള്ളല്‍ . തിരക്കേറിയ നെയ്‌റോബി-നാരോക് ഹൈവെയിലും അത് തടസ്സമുണ്ടാക്കി. റോഡില്‍ കുറുകെയുണ്ടായ വിള്ളല്‍ പാറയും മണ്ണുമിട്ട് നികത്തിയാണ് ഗതാഗതം പുനരാരംഭിച്ചത്.

കിഴക്കന്‍ ആഫ്രിക്കയില്‍ അരങ്ങേറുന്ന ഇത്തരം സംഗതികള്‍ യാദൃശ്ചികമല്ലെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു.

വലിയൊരു ഭൗമനാടകത്തിന് അരങ്ങൊരുങ്ങുന്നതിന്റെ സൂചനയാണ് ഇവ. ആഫ്രിക്ക സ്ഥിതിചെയ്യുന്ന ഭൗമഫലകം (നുമ്പിയന്‍ ഫലകം) പിളരുകയാണ്. പിളര്‍പ്പ് പൂര്‍ത്തിയാകുമ്പോള്‍ എത്യോപ്യ, സൊമാലിയ തുടങ്ങിയവയുടെ കുറെ ഭാഗങ്ങള്‍ വലിയൊരു ദ്വീപായി ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് അകന്നുമാറും. ആഫാര്‍ പ്രദേശത്ത് പുതിയ സമുദ്രം രൂപപ്പെടും. നിലവിലെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വലിപ്പം കുറയും!
ഏതാണ്ട് 450 കോടി വര്‍ഷംമുമ്പ് രൂപപ്പെട്ട ഭൂമിയുടെ പ്രതലം പലതവണ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. ഉദാഹരണത്തിന് 31 കോടി വര്‍ഷം മുമ്പത്തെ കാര്യമെടുക്കാം. അന്ന് 'പാന്‍ജിയ' (Pangea) എന്ന ഒറ്റ സൂപ്പര്‍ഭൂഖണ്ഡം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 18 കോടി വര്‍ഷം മുമ്പ് അത് പൊട്ടിപ്പിളര്‍ന്ന് തെക്കും വടക്കും യഥാക്രമം ഗോണ്ട്വാനാലാന്‍ഡ്, ലൊറേഷ്യ എന്നീ ഭൂഖണ്ഡങ്ങളുണ്ടായി. അതില്‍ ഗോണ്ട്വാനാലാന്‍ഡിന്റെ ഭാഗമായിരുന്നു ആഫ്രിക്ക. ഇപ്പോള്‍ ആഫ്രിക്കയും പിളരുന്നു.

ഭൂമിയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മനസിലാക്കിയാല്‍, ആഫ്രിക്ക പിളരുന്നു എന്നതില്‍ അത്ര അത്ഭുതം തോന്നണമെന്നില്ല.

ഭൂമിയുടെ പുറംപാളിയും അതിനുള്ളിലെ മാന്റിലിന്റെ (mantle) മേല്‍ഭാഗവും ചേര്‍ന്ന അടരിന് 'ലിഥോസ്ഫിയര്‍' (lithosphere) എന്നാണ് പേര്. ലിഥോസ്ഫിയര്‍ ഒറ്റ ഘടനയല്ല. കുറെ കുറെ ഭൗമഫലകങ്ങള്‍ (tectonic plates) ആയാണത് സ്ഥിതിചെയ്യുന്നത്. എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളും ഇരുപതോളം ചെറുഫലകങ്ങളും ലിഥോസ്ഫിയറില്‍ ഉള്ളതായി ഇപ്പോള്‍ ശാസ്ത്രലോകത്തിന് അറിയാം.
ഈ ഫലകങ്ങള്‍ ചലിക്കുന്നവയാണ്. പരസ്പരം ഇടിച്ചും തള്ളിയുമൊക്കെയുള്ള ഇവയുടെ ചലനങ്ങളാണ് ഭൂകമ്പം, അഗ്നിപര്‍വ്വത സ്‌ഫോടനം തുടങ്ങിയവയ്ക്ക് കാരണം. വന്‍സമ്മര്‍ദ്ദത്തിന്റെ ഫലമായി ചിലപ്പോള്‍ ഭൗമഫലകങ്ങള്‍ പൊട്ടിപ്പിളരാറുണ്ട്. പുതിയ ഫലകാതിര്‍ത്തികള്‍ രൂപപ്പെടും. കിഴക്കന്‍ ആഫ്രിക്കന്‍ റിഫ്റ്റ് വാലി മേഖലയില്‍ ഇപ്പോള്‍ സംഭവിക്കുന്നത് അതാണെന്ന് ഭൗമശാസ്ത്രജ്ഞര്‍ പറയുന്നു. കിഴക്കേ ആഫ്രിക്കന്‍ റിഫ്റ്റ്‌വാലി വടക്ക് ഏദന്‍ കടലിടുക്ക് മുതല്‍ തെക്ക് സിംബാവേ വരെ 3000 കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ്.

ഇതിലൂടെയാണ് ആഫ്രിക്കന്‍ ഫലകം ഇപ്പോള്‍ പിളരുന്നത്.

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമൊക്കെയാണ് സമയത്തെ സംബന്ധിച്ച അനുഭവേദ്യ പരിധി. അതുവെച്ച് പക്ഷേ, ഭൗമപ്രതിഭാസങ്ങളെ വിലയിരുത്താനാകില്ല. കിഴക്കന്‍ ആഫ്രിക്കയിലെ ഭ്രംശപ്രവര്‍ത്തനത്തിന്റെ കഥയും മറ്റൊന്നല്ലെന്ന് ജിയോളജിസ്റ്റായ ലൂസിയ പെരസ് ഡയസ് എഴുതുന്നു. എത്യോപ്യയിലെ ആഫാര്‍ മേഖലയില്‍ ഏതാണ്ട് മൂന്നു കോടി വര്‍ഷം മുമ്പാരംഭിച്ച ഭ്രംശപ്രവര്‍ത്തനം ക്രമേണ തെക്കുഭാഗത്തേക്ക് വ്യാപിക്കുകയാണ്. നിലവില്‍ സിംബാവേ ഭാഗത്തേക്ക് പ്രതിവര്‍ഷം രണ്ടര മുതല്‍ അഞ്ചു സെന്റീമീറ്റര്‍ വരെ എന്ന തോതിലാണ് ഇത് വ്യാപിക്കുന്നത്.
ലിഥോസ്ഫിയറിന് താഴെ ഭൂമിയുടെ മാന്റിലില്‍ ചൂടില്‍ ഉരുകിയ അവസ്ഥയിലുള്ള ഭാഗത്ത 'അസ്‌തെനോസ്ഫിയര്‍' (asthenosphere) എന്നാണ് വിളിക്കുന്നത്. ഭൂപ്രതലത്തില്‍ നിന്ന് 80 മുതല്‍ 200 കിലോമീറ്റര്‍ വരെ ആഴത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഭ്രംശമേഖല ദുര്‍ബലമാകുന്നിടത്ത് അസ്‌തെനോസ്ഫിയര്‍ മുകളിലേക്ക് നീങ്ങി ഭൂപ്രതലത്തിന് അടുത്തേക്ക് എത്താറുണ്ട്. ഭൗമഫലകം പിളരാന്‍ ഇതു കാരണമാകും.

കിഴക്കന്‍ ആഫ്രിക്കയിലെ ഭ്രംശമേഖല ഇത്തരമൊരു അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്.

എത്യോപ്യയിലെ ആഫാര്‍ പ്രദേശം പരിശോധിച്ചാല്‍ കാണാനാവുക അവിടമെല്ലാം ലാവാശിലകള്‍ നിറഞ്ഞിരിക്കുന്നു എന്നതാണ്. പൂര്‍ണമായും വേര്‍പെടുന്ന അവസ്ഥയിലേക്ക് ഇവിടെ ലിഥോസ്ഫിയര്‍ എത്തിയിരിക്കുന്നു എന്നാണ് മനസിലാക്കാന്‍ കഴിയുക-ഡയസ് എഴുതുന്നു. ആ വേര്‍പെടല്‍ സംഭവിക്കുമ്പോള്‍ അവിടെയൊരു സമുദ്രം രൂപപ്പെടും. കോടിക്കണക്കിന് വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ നിന്ന് തെക്കേ അമേരിക്ക അകന്നുമാറിയപ്പോള്‍ തെക്കന്‍ അത്‌ലാന്റിക് സമുദ്രം ഉണ്ടായതുപോലെ. സമുദ്രതടം പിളരുന്ന പ്രക്രിയ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ തുടരും.പെട്ടന്ന് ഭൂമി പിളര്‍ന്ന് വിള്ളലുണ്ടായതു പോലെയാവും ആഫ്രിക്കന്‍ ഭൂഖണ്ഡം പിളരുക എന്ന് ധരിക്കരുത്, ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. നമ്മുടെ ശ്രദ്ധയില്‍ പെടാത്ത വിധം കാലങ്ങളെടുത്താകും ഇത് സംഭവിക്കുക. അഞ്ചുകോടി വര്‍ഷമെടുക്കും ഈ പ്രക്രിയ പൂര്‍ത്തിയാകാനെന്ന് ഗവേഷകര്‍ കണക്കുകൂട്ടുന്നു.

Loading comments...