മോദിയും അമിത് ഷായും കേരളത്തിലെത്തുന്നു; ശബരിമല സമരം ശക്തമാക്കാൻ ബിജെപി

6 years ago
1

15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രിയെത്തുന്നത്

ദേശീയ നേതാക്കളെ എത്തിച്ച് ശബരിമല സമരം ശക്തമാക്കാൻ ബിജെപി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി കേരള ഘടകത്തിന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടെയുള്ള നേതാക്കള്‍ കേരളത്തിലെത്തുന്നു. 15 നും 27നുമാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. സര്‍ക്കാര്‍ പരിപാടിയിലും പാര്‍ട്ടി യോഗങ്ങളിലും മോദി പങ്കെടുക്കും. മുതിര്‍ന്ന നേതാവ് രാംമാധവും സംസ്ഥാനത്ത് എത്തിയേക്കും.
ഈ മാസം 18ന് നടക്കുന്ന സെക്രട്ടേറിയേറ്റ് ഉപരോധതത്തില്‍ ദേശീയ നേതാക്കൾ പങ്കെടുക്കും. ഈ മാസം തന്നെ രണ്ട് തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ പൊതുസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്.
15ന് കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രിയെത്തുന്നത്. തുടര്‍ന്ന് നേതൃയോഗങ്ങളിലും സംബന്ധിക്കും. 27 ന് തൃശൂരില്‍ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. ശബരിമല വിഷയത്തില്‍ അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് മോദിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.

18ാം തീയതി നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധം വലിയ പരിപാടിയായി നടത്താനാണ് ബിജെപി ഉദ്ദേശിക്കുന്നത്.

ശബരിമല കര്‍മ്മസമിതിയെയും ആര്‍എസ്എസിനെയും ഒപ്പം കൂട്ടി ദേശീയ നേതാക്കളെയും പങ്കെടുപ്പിക്കാന്‍ ബിജെപി ഒരുങ്ങുകയാണ്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം. ഈ പരിപാടികള്‍ക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും.
ശബരിമലയില്‍ കൂടുതല്‍ യുവതികള്‍ ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തല്‍ വരികയും മുഖ്യമന്ത്രി അത് സ്ഥിരീകരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ അദ്ദേഹത്തെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനാണ് ബി.ജെ.പി തീരുമാനിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ബി.ജെ.പി - ആര്‍.എസ്.എസ് നേതാക്കളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കേന്ദ്രനേതാക്കളുടെ പിന്തുണ ലഭിച്ചതോടെ തുടക്കത്തില്‍ കേന്ദ്ര നേതൃത്വവും കേരള ഘടകവും തമ്മില്‍ നിലനിന്ന ആശയക്കുഴപ്പം മാറിയെന്നാണ് വിലയിരുത്തല്‍.ശബരിമല വിഷയത്തില്‍ 18 ന് ഒരു ലക്ഷം പേരെ അണിനിരത്തി സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുന്നുണ്ട്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കേരളത്തില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.

Loading comments...