ഐ.എസ്.ഐ. ഹെല്‍മെറ്റ് അല്ലെങ്കില്‍ ലക്ഷങ്ങള്‍ പിഴ

5 years ago

കഴിഞ്ഞവര്‍ഷം 15,305 ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്

ഐ.എസ്.ഐ. ഗുണനിലവാരമില്ലാത്ത ഹെല്‍മെറ്റ് നിര്‍മാണവും വില്‍പ്പനയും ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം തടവും കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ.പോലീസ് രേഖകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം 15,305 ഇരുചക്ര വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. 1349 പേര്‍ മരിച്ചു. അപകടത്തില്‍ തലയിടിച്ചുവീണാണ് കൂടുതലാളുകളും മരിച്ചത്. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കില്‍ ഈ മരണം ഒഴിവാക്കാമായിരുന്നു. ഹെല്‍മെറ്റ് ധരിക്കുന്നവരില്‍ ഭൂരിപക്ഷവും അതു ചെയ്യുന്നത് മരണത്തില്‍നിന്നും മാരക പരിക്കില്‍നിന്നും രക്ഷപ്പെടാമെന്നു വിചാരിച്ചല്ല. പോലീസില്‍നിന്നു രക്ഷനേടാനാണ്.താടിയെല്ല് ചുറ്റുന്ന സ്ട്രാപ്പ് മുറുക്കിയാണ് ഹെല്‍മെറ്റ് ധരിക്കേണ്ടത്. താടിഭാഗം ഉള്‍പ്പെടെ തലയ്ക്കും മുഖത്തിനും സംരക്ഷണം നല്‍കുന്ന പൂര്‍ണ മുഖാവരണമുള്ള ഹെല്‍മെറ്റാണ് ഏറ്റവും സുരക്ഷിതം.
പുറത്തെ കോലാഹലങ്ങള്‍ അധികമായി കേള്‍ക്കില്ല എന്നതും വണ്ടിയോടിക്കുമ്പോഴുള്ള വായുവിന്റെ പ്രതിരോധം അത്രയ്ക്ക് ഉണ്ടാവില്ലെന്നതും ഹെല്‍മെറ്റ് ധരിക്കുമ്പോഴുള്ള ഗുണങ്ങളാണ്.തലച്ചോറിന്റെ സംരക്ഷണമാണ് ഹെല്‍മെറ്റിന്റെ പ്രധാന ധര്‍മം. ഹെല്‍മെറ്റിന്റെ പുറംഭാഗം കട്ടിയുള്ളതും ഉള്ളിലെ ലൈനര്‍ മൃദുവുമാണ്. ആഘാതം ഉണ്ടാകുമ്പോള്‍ ലൈനര്‍ ഞെരുങ്ങി, തലയിലേല്‍ക്കുന്ന ആഘാതം കുറയ്ക്കും. തലയുടെ വലുപ്പത്തിനും ആകൃതിക്കും യോജിച്ച ഹെല്‍മെറ്റാണ് തിരഞ്ഞെടുക്കേണ്ടത്.നിലവാരമുള്ള ഹെല്‍മെറ്റ് ശരിയായി ധരിച്ചാല്‍ മരണസാധ്യത 40 ശതമാനവും ഗുരുതര പരിക്കുണ്ടാകാനുള്ള സാധ്യത 70 ശതമാനവും കുറയ്ക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading comments...