ദരിദ്രകുടുംബങ്ങളുടെ പദ്ധതിയില്‍ മന്ത്രിയും

6 years ago
6

രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന പദ്ധതി

ദരിദ്രകുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ പട്ടികയില്‍ യുപി മന്ത്രിയും വ്യവസായികളുമടക്കമുള്ളവരും.
ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി സതീശ് മഹാന, മുന്‍ എംഎല്‍എ സലില്‍ വിഷ്‌ണോയ് എന്നിവരും പ്രമുഖരായ വ്യവസായികളുമാണ് കാണ്‍പൂരില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇടംപിടിച്ചത്‌. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.രാജ്യത്തെ പത്തുകോടി ദരിദ്രകുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന പദ്ധതിയിലാണ്‌ വമ്പന്‍മാര്‍ ഇടംപിടിച്ചിരിക്കുന്നത്. യോഗി ആദിത്യനാഥ്‌ മന്ത്രിസഭയിലെ വ്യവസായ മന്ത്രിയാണ് മഹാന. സംഭവം വിവാദമായതോടെ അദ്ദേഹം കാണ്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റിനെ ഫോണില്‍ വിളിച്ച് വിശദീകരണം തേടി. തന്റെ പേര് പട്ടികയില്‍ വന്നതിനെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഞാനും കുടുംബാംഗങ്ങളും പദ്ധതിക്ക് അര്‍ഹതപ്പെട്ടവരല്ല. പട്ടികയില്‍ നിന്ന് തന്റെ പേര് അടിയന്തരമായി നീക്കം ചെയ്യാനും പിഴവ്‌ വരുത്തിയവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സതീശ് മഹാന പ്രതികരിച്ചു. മുന്‍ എംഎല്‍ സലില്‍ വിഷ്‌ണോയിയും തന്റെ പേര് നീക്കം ചെയ്യണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

Loading comments...