ഇന്ധന വില താങ്ങില്ല; സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തുന്നു

5 years ago

ഡീസല്‍ വിലവര്‍ധന താങ്ങാനാവാതെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ കൂട്ടത്തോടെ സര്‍വീസ് നിര്‍ത്തിവെക്കാനൊരുങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം കുറഞ്ഞത് 200 ബസ്സുകളെങ്കിലും ഈ മാസം മുപ്പതോടെ സ്റ്റോപ്പേജ് (താല്‍ക്കാലിക സര്‍വീസ് നിര്‍ത്തിവെക്കല്‍) നല്‍കി ഓട്ടം നിര്‍ത്തിവെക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ ആര്‍.ടി.ഒ അടക്കമുള്ളവര്‍ക്ക് നല്‍കിക്കഴിഞ്ഞു.ടാക്സ് അടക്കുന്നതിനുള്ള കാലാവധി ഈ മാസം അവസാനിക്കുന്ന ബസ്സുകളാണ് ഓട്ടം നിര്‍ത്തുന്നത്. ദിവസേന ഓടിയാലും മാസാവസാനം വരവില്‍ കവിഞ്ഞ തുക കൈയില്‍നിന്ന് നല്‍കി ബാധ്യത തീര്‍ക്കേണ്ട അവസ്ഥ വന്നതോടെയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളതെനാണ് വിവരം .ആറു മാസം തികയുമ്പോള്‍ ഡീസല്‍ വില 78 ആയി. ഡീസല്‍ വിലയില്‍ മാത്രം 16 രൂപയുടെ വര്‍ധനവുണ്ടായി. ഇതിനൊപ്പം റോഡുകളുടെ ശോചനീയാവസ്ഥയും യാത്രക്കാരുടെ കുറവും പല ബസ് ഉടമകളെയും സര്‍വീസ് നടത്തിക്കൊണ്ട് പോവാന്‍ കഴിയാത്ത അവസ്ഥയിലെത്തിച്ചു. ഇതോടെയാണ് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെക്കാന്‍ ധാരണയിലെത്തിയത്. 80 മുതല്‍ 120 ലിറ്റര്‍ വരെ ഡീസലടിക്കുന്ന വണ്ടിക്ക് ഈ ഇനത്തില്‍ മാത്രം 1300 രൂപയോളമാണ് ചിലവ് വര്‍ധിച്ചിട്ടുള്ളത്. യാത്രക്കാരുടെ ഗണ്യമായ  കുറവും തിരിച്ചടിയായി. സംസ്ഥാനത്താകെ ഏകദേശം 2500 ബസ്സുകളെങ്കിലും ഇപ്പോള്‍ ഓടാനാവാത്ത അവസ്ഥയിലാണുള്ളത്. അതുകൊണ്ടു തന്നെ ദീര്‍ഘദൂര ബസ്സുകളടക്കം പലതും ട്രിപ്പ് വെട്ടിക്കുറക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

Loading comments...