പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

5 years ago
8

അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്

അപകടകരമായ ഉള്ളടക്കങ്ങള്‍ കുട്ടികളിലേക്കെത്തുന്നത് തടയുന്നതിനായി ഇന്‍സ്റ്റാഗ്രാം.
അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്ന സെന്‍സിറ്റീവ് സ്‌ക്രീന്‍ എന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചത്. 2018 -ല്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും തടയുന്നതിനായി ഒരു പ്രോംറ്റ് ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിച്ചിരുന്നു. ആളുകളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ തങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്നും ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. പുതിയ ഫീച്ചര്‍ ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഉപയോക്താക്കളിലേക്കെത്തിക്കഴിഞ്ഞു.
ബ്രിട്ടനില്‍ 2017-ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിനും മറ്റ് സമൂഹ മാധ്യമങ്ങള്‍ക്കും ബ്രിട്ടീഷ് അധികൃതര്‍ താക്കീത് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനവുമായി ഇന്‍സ്റ്റാഗ്രാം എത്തിയിരിക്കുന്നത്.
ഇന്‍സ്റ്റാഗ്രാം സെര്‍ച്ച്, റെക്കമെന്റേഷന്‍, ഹാഷ്ടാഗ് എന്നിവയില്‍ പ്രത്യക്ഷപ്പെടുന്ന സ്വയം മുറിവേല്‍പ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ കുട്ടികളെ ബാധിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അത്തരം ഉള്ളക്കങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ സെന്‍സിറ്റീവ് സ്‌ക്രീന്‍ ഉപയോഗിച്ച് മറയ്ക്കുക.
ആത്മഹത്യയും ആത്മപീഡനവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്‍സ്റ്റാഗ്രാം പറയുന്നു.
എഞ്ചിനീയര്‍മാരും ഉള്ളടക്ക നിരൂപകരുമായും സഹകരിച്ച് അതിനു വേണ്ടി ശ്രമിച്ചുവരികയാണെന്നും ഇന്‍സ്റ്റാഗ്രാം വ്യക്തമാക്കി.

Loading comments...