ഗ്രാമത്തിന്റെ ജീവനായി മാറിയ ഐഎഎസുകാരി

5 years ago
2

ജില്ലയുടെ പ്രിയപ്പെട്ട കലക്ടര്‍ വഴികാണിക്കാനുള്ളപ്പോള്‍ വനപര്‍ത്തിക്കാർക്ക് ഭയമില്ല

തെലങ്കാനയിലെ വനപര്‍ത്തി ജില്ലയില്‍ കലക്ടറായി നിയമനം ലഭിക്കുമ്പോള്‍ ശ്വേത മൊഹന്തിയുടെ മനസ്സില്‍ പ്രതീക്ഷകളും ഉത്തരവാദിത്വത്തിന്റെ ഭാരവുമുണ്ടായിരുന്നു.
പക്ഷേ, ജില്ലയിലെത്തി സാധാരണക്കാരുടെ ജീവിതം മനസ്സിലായപ്പോള്‍ അവര്‍ ഉറച്ച ഒരു തീരുമാനമെടുത്തു. യാഥാര്‍ഥ്യങ്ങള്‍ക്കു നേരെ കണ്ണടയ്ക്കരുത്. രാജ്യത്തിന്റെ വര്‍ത്തമാനകാല ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാകുകയാണ് തെലങ്കാനയിലെ പുറത്ത് അധികമറിയാത്ത വനപര്‍ത്തി ജില്ലയും ശ്വേത മൊഹന്തിയെന്ന യുവ ഐഎഎസ് ഓഫിസറും. ദാരിദ്ര്യവും പിന്നാക്കാവസ്ഥയുമായിരുന്നു വനപര്‍ത്തിയുടെ മുഖ്യപ്രശ്നങ്ങള്‍. ഒപ്പം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നിരന്തരം നേരിടേണ്ടിവന്ന അനാരോഗ്യവും അതിനെത്തുടര്‍ന്നുള്ള ദുരിതങ്ങളും. പ്രശ്നങ്ങള്‍ ഓരോന്നായി മനസ്സിലാക്കി പരിഹാര നപടികളിലേക്ക് ശ്വേത മൊഹന്തി കടന്നു. വനപര്‍ത്തി ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന ഗര്‍ഭിണികളില്‍ 40 ശതമാനം പേരും കടുത്ത അനീമിയ രോഗികള്‍. രോഗം തുടര്‍ന്നാല്‍ അതവരുടെ പ്രസവത്തെയും ജനിക്കാനിരിക്കുന്ന കുട്ടികളെയും വരെ ബാധിക്കും. വിളര്‍ച്ച മാറ്റാന്‍ രോഗികള്‍ക്ക് മരുന്നും നല്ല ഭക്ഷണവും കൊടുക്കുന്നതിനിനൊപ്പം പെണ്‍കുട്ടികളെ ബോധവത്കരിക്കാനുള്ള ശ്രമങ്ങളും തുടങ്ങി. ജില്ലയിലെ 110 സര്‍ക്കാര്‍ ഹൈ സ്കൂളുകളിലെ 8000 പെണ്‍കുട്ടികളുടെ രക്തപരിശോധന നടത്തി.
അനീമിയ കണ്ടെത്തിയവര്‍ക്ക് രോഗാവസ്ഥയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുത്തു.
ഓരോരുത്തരെയും രോഗാവസ്ഥയെക്കുറിച്ചു ബോധവത്കരിച്ചു. അനീമിയയുടെ ദുരിതങ്ങളെക്കുറിച്ചും ഭാവിയില്‍ വരാതിരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും മനസ്സിലാക്കിയതോടെ അനാരോഗ്യത്തിന്റെ നാളുകള്‍ക്കു വിടപറഞ്ഞ് പുതിയ പ്രഭാതത്തിലേക്ക് നടന്നടുക്കുകയായിരുന്നു ആ പെണ്‍കുട്ടികള്‍. യുവതലമുറയില്‍നിന്നു തുടങ്ങിയ ശ്രമങ്ങള്‍ ഇപ്പോള്‍ ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ആര്‍ത്തവകാലത്തെ ആരോഗ്യപ്രശ്നങ്ങളായിരുന്നു പെണ്‍കുട്ടികള്‍ നേരിട്ട മറ്റൊരു പ്രശ്നം. കൃത്യമായ ഒരു മെന്‍സ്ട്രല്‍ കലണ്ടര്‍ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ശ്വേത പെണ്‍കുട്ടികളെ ബോധ്യപ്പെടുത്തി. അതോടെ, പേടിക്കേണ്ട നാളുകളെ ധൈര്യത്തോടെ നേരിടാന്‍ അവര്‍ക്കായി.
സാനിറ്ററി നാപ്കിനുകളും ആവശ്യത്തിനു ലഭ്യമാക്കിയതോടെ പെണ്‍കുട്ടികള്‍ തലയുയര്‍ത്തിപ്പിടിച്ചുതന്നെ നടന്നുതുടങ്ങി.
ഓരോ ക്ലാസിലെയും പെണ്‍കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് ആവര്‍ക്ക് മരുന്നും മറ്റും എത്തിക്കുന്നതിനുള്ള ചുമതല അധ്യാപകര്‍ക്കും കൊടുത്തു. വൈറ്റമിന്‍ ഗുളികകളും കുട്ടികള്‍ക്ക് ലഭ്യമാക്കി. ഭക്ഷണം കഴിക്കാനില്ലാത്തവർക്ക് ആരോഗ്യപ്രദമായ ഭക്ഷണവും ഏര്‍പ്പെടുത്തി. ആദ്യത്തെ രക്തപരിശോധന കഴിഞ്ഞ് ആറുമാസത്തിനുശേഷം വീണ്ടും പരിശോധന നടത്തി. അപ്പോഴേക്കും അനീമിയ ബാധിതരുടെ എണ്ണം വെറും നാലുശതമാനമായി കുറഞ്ഞിരുന്നു. സമത എന്നു പേരിട്ട പദ്ധതിയിലൂടെയായിരുന്നു കലക്ടറുടെ നേതൃത്വത്തിലുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങള്‍.
സ്കൂള്‍ വിദ്യാര്‍ഥികളെ ഇന്റര്‍നെറ്റിന്റെ അതിശയ ലോകത്തേക്ക് ആനയിക്കുന്നതായിരുന്നു മറ്റൊരു പദ്ധതി.
കപ്യൂട്ടറുകള്‍ കണ്ടിട്ടുതന്നെയില്ലാതിരുന്ന കുട്ടികള്‍ക്ക് സന്നദ്ധസംഘടനകളുടെ സഹായത്തോടെ ലാപ്ടോപ്പുകള്‍ ലഭ്യമാക്കി. ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗപ്പെടുത്താമെന്നും അവരെ പഠിപ്പിച്ചു. ഒരു കലക്ടര്‍ എന്ന നിലയില്‍ എന്റെ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നൽകാൻ ശ്രമിക്കുന്നുണ്ട്. ഞാന്‍ ജോലിചെയ്യുന്ന ജില്ലയിലെ കുട്ടികള്‍ക്കും അതേ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിന്റെ ഫലമായാണ് കുട്ടികളെ കംപ്യൂട്ടര്‍ ലോകത്തേക്ക് ആനയിക്കാന്‍ നടത്തിയ ശ്രമങ്ങള്‍- ശ്വേത അഭിമാനത്തോടെ പറയുന്നു. സ്ട്രെസ്സ് ഉള്‍പ്പെടെ കുട്ടികളുടെ മാനസികാരോഗ്യത്തിനും വലിയ ശ്രദ്ധ കൊടുത്തു.
വനപര്‍ത്തിയിലെ പ്രധാന കൃഷി നിലക്കടലയായിരുന്നു.
നിലക്കടലയ്ക്ക് ആവശ്യം ഏറെയുണ്ടായിരുന്നെങ്കിലും കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നത് ചെറിയ വരുമാനം. ശ്വേതയുടെ നേതൃത്വത്തില്‍ കര്‍ഷകരെ സ്വയംപര്യാപ്ത ഗ്രൂപ്പുകളാക്കി തിരിച്ചു. നിലക്കടല എങ്ങനെ മാര്‍ക്കറ്റില്‍ മികച്ച വരുമാനം നേടിത്തരുന്ന വൈവിധ്യമുള്ള ഉല്‍പന്നങ്ങളാക്കിമാറ്റാമെന്ന് പരിശീലിപ്പിച്ചു. തെലങ്കാനയുടെ തലസ്ഥാന നഗരത്തില്‍നിന്നുള്‍പ്പെടെ ഓര്‍ഡറുകളും പ്രവഹിക്കാന്‍ തുടങ്ങി. സ്ത്രീകളും പുരുഷന്‍മാരും ഒരേ മനസ്സോടെ രംഗത്തിറങ്ങിയതോടെ യൂണിറ്റ് ലാഭത്തില്‍നിന്ന് ലാഭത്തിലേക്ക് കുതിക്കുകയാണ്. ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും കലക്ടര്‍ ഗ്രാമീണരെ ബോധ്യപ്പെടുത്തി. ഭിന്നശേഷിക്കാരും വയോധികരും വരെ ഇപ്പോള്‍ വോട്ടുചെയ്യാന്‍ ഒരു മടിയും കാട്ടുന്നില്ല. അതേ, മാറ്റങ്ങളിലൂടെ കടന്നുപോകുകയാണ് തെലങ്കാനയിലെ വനപര്‍ത്തി. ഇനിയും ഈ ജില്ലയ്ക്ക് മുന്നേറാന്‍ വഴിയേറെയുണ്ട്. ജില്ലയുടെ പ്രിയപ്പെട്ട കലക്ടര്‍ വഴികാണിക്കാനുള്ളപ്പോള്‍ അവര്‍ക്ക് ഭയമില്ല ആത്മവിശ്വാസമേറെയുണ്ട്.
ഒപ്പം തളരാതെ, ഊര്‍സ്വലയായി ശ്വേത മൊഹന്തി എന്ന യുവ ഐഎഎസ് ഓഫിസറും.

Loading comments...