പ്രേതക്കോട്ടയായ ഭാംഗഡ്

5 years ago
11

രജപുത്ര രാജാവായ മധോ സിങ് 1631 ലാണ് ബാംഗഡ് കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു

ആ യാത്രയില്‍ കുറച്ചൊക്കെ സാഹസികതയും വെല്ലുവിളികളും ഉണ്ടെങ്കില്‍ സംഭവം പൊളിക്കും അല്ലേ.. എന്നാല്‍ രാജസ്ഥാനിലെ ബാംഗഡ് കോട്ട നിങ്ങള്‍ക്കായി കാത്തിരിക്കുന്നു.
രാജസ്ഥാന്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ബാംഗഡ് കോട്ട പ്രേതക്കോട്ട എന്നാണറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റഴും കൂടുതല്‍ പ്രേതബാധ അനുഭപ്പെടുന്നു എന്നു പറയപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്നാമതാണ് ബാംഗഡ് കോട്ട. ഗാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. കോട്ടയ്ക്കുള്ളിലേക്കു വാഹനങ്ങള്‍ കടത്താന്‍ അനുവാദമില്ല. സൂര്യാസ്തമനത്തിനു മുന്‍പും ശേഷവും ആര്‍ക്കും കോട്ടയിലേക്കു പ്രവേശനമില്ല. കോട്ടയ്ക്കു മുന്നില്‍ ഭാരത സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ ഇത് എഴുതി വെച്ചിരിക്കുന്നതായും കാണാം. ഇതു കാണുമ്പോള്‍ ഇവിടെ എന്തോ ഒരു കുഴപ്പമില്ലേ എന്നൊരു തോന്നല്‍ ഉണ്ടാവുന്നുണ്ടോ? എന്നാല്‍ ആയിട്ടില്ല. കോട്ടയ്ക്കുള്ളിലേക്ക് കൂടുതല്‍ ചെല്ലും തോറും രസകരമായതും ഭയാനകമായതുമായ പല കാര്യങ്ങളും ഇനിയും കാണാന്‍ സാധിച്ചേക്കാം.

രജപുത്ര രാജാവായ മധോ സിങ് 1631 ലാണ് ബാംഗഡ് കോട്ട നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു

കോട്ട നിര്‍മ്മിക്കുന്നതിനു മുമ്പ് ആ സ്ഥലത്തിനു മുന്നില്‍ തപസനുഷ്ടിച്ചിരുന്ന സന്ന്യാസിയായ ഗുരു ബാലു നാഥിനോട് മധോ സിങ് അനുവാദം ചോദിച്ചിരുന്നു. കോട്ട പണിയാന്‍ അനുവാദം നല്‍കിയ സന്ന്യാസി ഒരു ഉപാധി മാത്രം വെച്ചു. തന്റെ ആശ്രമം സ്ഥിതി ചെയ്യുന്നിടത്തേക്ക് കോട്ടയുടെ നിഴല്‍ ഒരിക്കലും പതിക്കരുത്. അതിനനുസരിച്ച് ഉയരം ക്രമീകരിച്ചായിരിക്കണം കോട്ടയുടെ നിര്‍മ്മാണം. എന്നാല്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ മധോ സിങ് ഈ കാര്യം പരിഗണിച്ചില്ല. കോട്ട വളരെ ഉയരത്തില്‍ പണിതു. അതിന്റെ നിഴല്‍ സന്ന്യാസിയുടെ ആശ്രമത്തിനു മുകളില്‍ പതിക്കുകയും ചെയ്തു. കോപിതനായ സന്ന്യാസി കോട്ടയെയും അവിടുള്ളവരെയും ശപിച്ചു. കോട്ടയ്ക്കുള്ളിലെ ഒരു കെട്ടിടത്തിനു പോലും മേല്‍ക്കൂരയില്ലാതാവട്ടെ എന്നും ശപിച്ചു. ഇതാണ് ബാംഡ് കോട്ടയെ ബാധിച്ച ശാപത്തിന്റെ ഒന്നാമത്തെ കഥ.

കോട്ടയെ ബാധിച്ച ശാപവുമായി ബന്ധപ്പെട്ട് ഒരു കഥ കൂടി നിലനില്‍ക്കുന്നുണ്ട്.

കോട്ടയിലെ സുന്ദരിയായ രാജകുമാരി രത്‌നാവതിയെ കണ്ടു മോഹിച്ച ദുര്‍മന്ത്രവാദിയായ സിംഗ്യ ഒരു തോഴിയുടെ കൈയ്യില്‍ രാജകുമാരിയെ വശീകരിക്കാനുള്ള ദുര്‍മന്ത്രവാദം ചെയ്തു വിട്ടു. എന്നാല്‍ ഇതു മുന്‍കൂട്ടി മനസ്സിലാക്കിയ രത്‌നാവതി സിംഗ്യയെ കൊന്നു കളയാന്‍ ഉത്തരവിട്ടു. മരിക്കുന്നതിനു മുമ്പ് ആ കോട്ടയിലെ എല്ലാവരും ഒരു രാത്രി കൊണ്ട് മരിച്ചുപോകുമെന്നും കോട്ടയ്ക്കുള്ളിലെ ഒരു കെട്ടിടത്തിനു പോലും മേല്‍ക്കൂര പോലും ബാക്കി നില്‍ക്കില്ലെന്നും ദുര്‍മന്ത്രവാദി ശപിച്ചു. അന്നു തന്നെ കോട്ടയ്ക്കുള്ളിലെ എല്ലാവരും മരിച്ചുവെന്നും പറയപ്പെടുന്നു.

കോട്ടയെ ബാധിച്ച കൊടും ശാപം ഈ രണ്ടു കഥകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.

കോട്ടയ്ക്കുള്ളില്‍ നിന്നും പല രാത്രികളിലും പൊട്ടിച്ചിരികളും കരച്ചിലുകളും അപൂര്‍വമായ പല ശബ്ദങ്ങളും കേട്ടതായി പലരും അവകാശപ്പെട്ടിട്ടുണ്ട്. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടെ മനം മടുപ്പിക്കുന്ന ഒരു തരം മണം പരക്കുമെന്നും പറയപ്പെടുന്നു. കെട്ടു കഥകളോ മിത്തോ എന്നൊന്നും ആര്‍ക്കും അറിയില്ലെങ്കിലും ഇവിടെ പല ആത്മഹത്യകളും മരണങ്ങളും നടന്നിട്ടുണ്ട്. കോട്ടയ്ക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ പഴയ ക്ഷേത്രങ്ങളുണ്ടെങ്കിലും ഇവിടെ ഒന്നും തന്നെ ദൈവീക പ്രതിഷ്ടകള്‍ കാണാന്‍ സാധിക്കില്ല. ഈ അപൂര്‍വ്വതകളൊക്കെ കൊണ്ടു തന്നെ ഇവിടം ഒരിക്കലെങ്കിലും സന്ദര്‍ശിക്കാന്‍ പലരും ആഗ്രഹിക്കുന്നു.
ഇവിടം രാത്രി ചെലവിടാന്‍ എത്തുന്ന സാഹസികറുടെ അനുഭവങ്ങള്‍ നമുക്ക് യു ട്യൂബിലൂടെ കാണാന്‍ സാധിക്കും.

രാത്രി ചെലവിടണമെങ്കില്‍ പ്രത്യേക അനുമതി വാങ്ങണം.

കോട്ടയ്ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ പ്രേതബാധ ഉണ്ടെന്നു പറയപ്പെടുന്ന സ്ഥലം രാജകുമാരി രത്‌നാവതിയുടെ മുറിയാണ്. ഇവിടെ പകല്‍ സമയത്തു പ്രവേശിക്കുമ്പോള്‍ പോലും ശ്വാസം മുട്ടല്‍ അടക്കമുള്ള പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നതായി പലരും പറയുന്നു. രാത്രികാലങ്ങളില്‍ ഇവിടെ സ്ത്രീകള്‍ തങ്ങുന്നതാണ് കൂടുതല്‍ അപകടമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുരുഷന്മാരെ ഈ ശക്തികള്‍ എപ്പോഴും കാര്യമായി ബാധിക്കില്ലെന്നും അവര്‍ പറയുന്നു.
ഇതൊക്കെ കേള്‍ക്കുമ്പോള്‍ ഒന്നവിടം സന്ദര്‍ശിക്കണമെന്നു തോന്നുന്നുണ്ടോ എങ്കില്‍ അടുത്ത ട്രിപ്പ് ഭാംഗഡിലേക്കു തന്നെ ആയിക്കോട്ടെ. സെപ്തംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കോട്ട സന്ദശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. രാജസ്ഥാനില്‍ അപ്പോള്‍ ചൂട് കുറഞ്ഞിരിക്കും എന്നതു തന്നെ കാരണം.

രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് കോട്ടയ്ക്കുള്ളിലേക്കു പ്രവേശനം.

Loading comments...