കെ.എസ്.ആർ.ടി.സി; ഭരണം യൂണിയന്

5 years ago
6

കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിച്ചു

മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്നും തച്ചങ്കരിയെ നീക്കിയതിനുപിന്നാലെ കെ.എസ്.ആർ.ടി.സി. ഡിപ്പോകളുടെ ഭരണം യൂണിയൻ നേതൃത്വം തിരിച്ചുപിടിച്ചു.
അതത് യൂണിറ്റുകളിലെ തൊഴിലാളി നേതാക്കളെക്കൂടി പരിഗണിച്ചുവേണം നിർണായക തീരുമാനങ്ങൾ എടുക്കേണ്ടതെന്ന് ഡിപ്പോ മേധാവിമാർക്ക് ഭരണാനുകൂല സംഘടനയുടെ സംസ്ഥാന നേതാക്കൾ വാക്കാൽ നിർദേശം നൽകി. ഇതിന്റെ ഭാഗമായി അധിക ഡ്യൂട്ടി ബഹിഷ്കരിച്ചുതുടങ്ങി.നേതാക്കളുടെ ഡിപ്പോഭരണം പൊളിച്ചടുക്കാനുള്ള ശ്രമം ആരംഭിച്ചത് എം.ജി. രാജമാണിക്യം മേധാവിയായപ്പോഴാണ്. മുഖ്യമന്ത്രിയുടെ പിന്തുണയോടെ എത്തിയ ടോമിൻ തച്ചങ്കരി സംസ്ഥാന നേതാക്കളെത്തന്നെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി. ഇതോടെ ഭരണകക്ഷി സംഘടനകളുടെ പ്രസക്തി നഷ്ടമായി. നേതാക്കളുടെ നിർദേശപ്രകാരം ഡ്യൂട്ടി വീതംവയ്ക്കുന്നതും ഷെഡ്യൂൾ ക്രമീകരിക്കുന്നതും നിർത്തി. നേതാക്കൾക്ക് ശരീരികാദ്ധ്വാനം കുറഞ്ഞ ഡ്യൂട്ടി നൽകുന്നതും അവസാനിപ്പിച്ചു.
പകരം വരുമാനം അടിസ്ഥാനമാക്കി ഡ്യൂട്ടി വീതംവെച്ചു.
നേതാക്കൾ പറഞ്ഞാൽ ഒന്നും നടക്കാതെയായി.
തൊഴിലാളി നേതാക്കളെ വകവയ്ക്കാത്ത തച്ചങ്കരിഭരണത്തിൽ മാസവരിയും അംഗത്വവും കുറയുന്നുവെന്നായിരുന്നു ഇടത് യൂണിയനുകളുടെ പ്രധാനപരാതി. പ്രമുഖ ഇടതുസംഘടനയ്ക്ക് മാസവരി നൽകുന്ന ജീവനക്കാരുടെ എണ്ണം 22,000-ൽനിന്ന്‌ 15,000 ആയി കുറഞ്ഞിരുന്നു.സംഘടനാനേതൃത്വത്തിന്റെ കടുത്ത സമർദത്തെത്തുടർന്നാണ് സർക്കാർ തച്ചങ്കരിയെ മാറ്റിയത്. ഇതോടെ യൂണിയനുകളുടെ നല്ലകാലം തിരിച്ചെത്തിയെന്ന് പാർട്ടി നേതൃത്വത്തെ ബോധിപ്പിക്കേണ്ട ബാധ്യത നേതാക്കൾക്കുണ്ട്. ആദ്യപടിയായി മാസവരി പിരിവ് ഊർജിതമാക്കാനാണ് നീക്കം.
നേതാക്കളുടെ ഭീഷണിക്കുവഴങ്ങി വീണ്ടും മാസവരി കൊടുക്കേണ്ട അവസ്ഥയിലാണ് ജീവനക്കാർ.

Loading comments...