തലകീഴായി ഓടുന്ന കാർ

5 years ago
32

തല കീഴായി നിർമ്മിച്ച വാഹനമാണ് അപ്പ്‌സൈഡ്-ഡൗണ്‍ 1991 ഫോര്‍ഡ് റേഞ്ചര്‍ എന്നത്

ഒരു കാർ കീഴ് മേൽ മറിച്ച് വ്യത്യസ്‌ഥതയും കൗതുകവും നിറച്ചിരിക്കുകയാണ് അമേരിക്കയിലെ റിക്ക് എന്ന വാഹന പ്രേമി
രൂപത്തിലും ഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒട്ടനവധി വാഹനങ്ങള്‍ നമ്മുടെ നിത്യജീവിതത്തിനിടയില്‍ കാണാറുണ്ട്. മറ്റുള്ള വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമാവാനോ ഡ്രൈവറുമായൊരു വൈകാരിക ബന്ധം സ്ഥാപിക്കാനോ വേണ്ടി മനപ്പൂര്‍വ്വം നിര്‍മ്മാതാക്കള്‍ ഇത്തരത്തിലുള്ള വാഹനങ്ങള്‍ പുറത്തിറക്കുന്നു.ചില ഉപഭോക്താക്കള്‍ രൂപത്തില്‍ വൈവിധ്യം പുലര്‍ത്തുന്ന വാഹനങ്ങള്‍ മാത്രമേ വാങ്ങാന്‍ തയ്യാറാവുന്നുള്ളൂ.
ഇനി നിര്‍മ്മാതാക്കള്‍ വാഹനത്തില്‍ മതിയായ മോഡിഫിക്കേഷന്‍ നടത്തിയില്ലെങ്കിലും സ്വന്തം പോക്കറ്റില്‍ നിന്ന് കാശ് ചിലവാക്കി വാഹനം മോഡിഫൈ ചെയ്യുന്ന വാഹനപ്രേമികള്‍ വരെയുണ്ട് നമ്മുടെ നാട്ടില്‍.
അത്തരത്തിലൊരു വാഹനമാണ് അപ്പ്‌സൈഡ്-ഡൗണ്‍ 1991 ഫോര്‍ഡ് റേഞ്ചര്‍ എന്നത്.
അമേരിക്കയിലെ ക്‌ളിന്റണ്‍ പ്രവിശ്യയിലെ ഓട്ടോമൊബൈല്‍ ബോഡി ഷോപ്പ് ഉടമയായ റിക്ക് സള്ളിവന്റെ ബുദ്ധിയിലാണ് ഈ വ്യത്യസ്ത വാഹനത്തിന്റെ ആശയം ഉദിച്ചത്.പലരും തങ്ങളുടെ വാഹനങ്ങള്‍ വ്യത്യസ്തമാക്കുന്നത് വിവിധ രീതിയിലുള്ള ബോഡിവര്‍ക്കുകളും നടത്തിയോ വാഹനത്തിന്റെ കുതിരശക്തി കൂട്ടിയോ ആണ്. എന്നാല്‍ കൂടുതല്‍ വ്യത്യസ്തതയ്ക്ക് വേണ്ടി റിക്ക് തന്റെ വാഹനം കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്.രണ്ട് പിക്കപ്പ് ട്രക്കുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ വ്യത്യസ്തമായ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചയില്‍ ഒരു കാര്‍ തലകീഴായി മറിഞ്ഞ രീതിയിലാണ് കാണുന്നവര്‍ക്ക് തോന്നുക. ഒരിക്കല്‍ പിക്കപ്പ് ട്രക്ക് റോഡിലൂടെ തലകീഴായി വലിച്ച് കൊണ്ട് പോവുന്നത് കണ്ടപ്പോഴാണ് റിക്കിന് ഇത്തരത്തിലൊരു ആശയമുദിച്ചത്.
തന്റെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ ആറ് മാസം കൊണ്ടാണ് അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ഡ് റേഞ്ചര്‍ റിക്ക് യാഥാര്‍ഥ്യമാക്കിയത്.
വഹനത്തിന്റെ പലഭാഗങ്ങളും കടമെടുത്തിരിക്കുന്നത് 95 മോഡല്‍ ഫോര്‍ഡ് F-150 യില്‍ നിന്നാണ്. അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ഡ് റേഞ്ചറിന്റെ നിര്‍മ്മാണത്തില്‍ വലിയ കടമ്പകളാണ് റിക്കിനും കൂട്ടര്‍ക്കും മറികടക്കേണ്ടി വന്നത്.ഏകദേശം 4.25 ലക്ഷം രൂപയാണ് വാഹനം നിര്‍മ്മിക്കാനായി ആകെ വന്ന ചെലവെന്ന് റിക്ക് പറയുന്നു. ഏതായാലും ചെലവ് പ്രതീക്ഷിച്ചതിലും കൂടിയെങ്കിലും താന്‍ വിചാരിച്ച പോലെ തന്നെ വാഹനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് റിക്ക്.
ഇതിലും സന്തോഷകരമായ കാര്യമെന്തെന്നാല്‍ അപ്പ്‌സൈഡ്-ഡൗണ്‍ ഫോര്‍ഡ് റേഞ്ചര്‍ നിരത്തിലോടുന്നത് നിയമപരമായിട്ടാണെന്നതാണ്.

Loading comments...