തൊഴില്‍ നഷ്ട റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിയോ?

5 years ago
2

സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗങ്ങള്‍ രാജിവച്ചു

തൊഴില്‍ നഷ്ട റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തി: സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ അംഗങ്ങള്‍ രാജിവച്ചു.
രാജ്യത്തെ തൊഴില്‍ ലഭ്യതയും തൊഴില്‍ നഷ്ടവും സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെ ചൊല്ലി കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി.സി മോഹനനും അംഗമായ ജെ.വി മീനാക്ഷിയും രാജിവച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നതിനു കേന്ദ്രസര്‍ക്കാര്‍ തടയിടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. വേണ്ടത്ര ആലോചനയില്ലാതെ ജിഡിപി റിപ്പോര്‍ട്ടുകള്‍ നീതി ആയോഗ് വഴി പുറത്തുവിട്ടതിലും ഇവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
2017-18 കാലത്തെ തൊഴില്‍ ലഭ്യതയും നഷ്ടവും സംബന്ധിച്ചുളള റിപ്പോര്‍ട്ടാണ് പുറത്തുവിടാതിരിക്കുന്നത്.
ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസിന്റെ തൊഴില്‍ ശക്തി സര്‍വേ റിപ്പോര്‍ട്ട് ഡിസംബറില്‍ കമ്മിഷനു കിട്ടിയെങ്കിലും ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ തൊഴില്‍ ലഭ്യതയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചുമുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് കമ്മിഷന്‍ അംഗീകരിച്ചെങ്കിലും പുറത്തുവിടുന്നില്ലെന്ന് മോഹനന്‍ പറഞ്ഞു. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലെ രണ്ട് സര്‍ക്കാര്‍ ഇതര അംഗങ്ങളായ ഇവരുടെ കാലാവധി 2020 വരെയായിരുന്നു.
മുഖ്യ സ്റ്റാറ്റിറ്റീഷ്യന്‍ പ്രവീണ്‍ ശ്രീവാസ്തവയും നീതി ആയോഗ് സിഇഒ അമിതാഭ് കാന്തും മാത്രമാണ് ഇനി കമ്മിഷനില്‍ അവശേഷിക്കുന്നത്.
ജിഡിപിയും തൊഴിലില്ലായ്മയും സംബന്ധിച്ച വിവരങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനിലെ വിവാദങ്ങള്‍ പുറത്തുവരുന്നത്. ''പുനര്‍ജനിക്കുന്നതു വരെ കമ്മിഷന്‍ നിത്യതയില്‍ വിശ്രമിക്കട്ടെ'' എന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം ട്വീറ്റ്് ചെയ്തു. അടുത്തിടെയായി കമ്മിഷനില്‍ തങ്ങള്‍ക്കു വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് പി.സി മോഹനന്‍ പറഞ്ഞു.
രാജ്യത്തെ കണക്കെടുപ്പുകള്‍ സംബന്ധിച്ച ഉന്നതസമിതിയാണ് കമ്മിഷന്‍. എന്നാല്‍ ആ ദൗത്യം കമ്മിഷന്‍ പാലിക്കുന്നില്ല എന്നു വേണം കരുതാനെന്നും മോഹനന്‍ പറഞ്ഞു.

Loading comments...