ലേസർ ആയുധവുമായി ഇന്ത്യ

5 years ago

ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം

സെക്കൻഡിനുള്ളിൽ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡ് (Laser Designator Pods (LDPs).

ഇതാകട്ടെ നിര്‍മിക്കാന്‍ വളരെ ചെലവേറിയതുമാണ്. അമേരിക്കന്‍ കമ്പനി ലോക്ഹീഡ് മാര്‍ട്ടിന്‍ (Lockheed Martin) ചെലവു കുറച്ച് ഒരു ഫൈബര്‍ ലേസര്‍ സിസ്റ്റം നിര്‍മിക്കുന്ന തിരക്കിലാണിപ്പോള്‍. ഇതിന്റെ ഡെമോ 2021ല്‍ നടത്താനാകുമെന്നാണ് കമ്പനി കരുതുന്നത്. എന്നാല്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്, തങ്ങള്‍ ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ലേസര്‍ ഡെസിഗ്നേറ്റര്‍ പോഡുകൾ‌ക്കു ചെലവു വളരെക്കുറവാണെന്നാണ്. ശത്രുക്കളുടെ ഏതു നീക്കത്തെയും നിമിഷ നേരത്തിനുള്ളിൽ നേരിടാൻ ശേഷിയുള്ളതാണ് ലേസർ ആയുധങ്ങൾ.ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസർ ആയുധ സംവിധാനം നിർമിച്ചുകഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അവകാശപ്പെടുന്നത്.

ലേസര്‍ ഉപയോഗിച്ച് ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനം.

ഇവ ഘടിപ്പിക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് ഏതു കാലാവസ്ഥയിലും പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ കൃത്യമായ ആക്രമണങ്ങൾക്കു കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇന്ത്യ നിര്‍മിച്ച തേജസ് (Tejas) യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി ഇതോടെ പതിന്മടങ്ങു വർധിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്തില്‍ പിടിപ്പിക്കാവുന്ന ഈ ഇന്‍ഫ്രാറെഡ് ടാര്‍ഗറ്റിങ് ആന്‍ഡ് നാവിഗേഷന്‍ പോഡുകൾ ഒരേസമയം ലേസര്‍ സെന്‍സറും ലക്ഷ്യങ്ങളെ കൃത്യമായി ഉന്നംവയ്ക്കാനാവുന്ന ആയുധവുമാണ്. പറക്കലിനിടയില്‍ത്തന്നെ വിവരങ്ങള്‍ ശേഖരിക്കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്യും. കരയിലെ ലക്ഷ്യങ്ങളെ കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസർ നിയന്ത്രിത ബോംബിടാൻ ഇവ ഉപയോഗിക്കാമെന്നാണ്ടെക് വിദഗ്ധർ പറയുന്നത്.
ഇന്ത്യയില്‍ ഈ സംവിധാനം വികസിപ്പിച്ച ശാസ്ത്രജ്ഞർ പി. സുരേഷ് കുമാറും പ്രസാദും (N.N.S.S.R.K. Prasad), കെ. സന്തില്‍ കുമാറും ഇതിന്റെ പ്രവര്‍ത്തനശേഷി വിലയിരുത്തി. ലേസർ ഉപയോഗിച്ച് വര്‍ഷിക്കുന്ന ബോംബുകള്‍ക്ക് ഇപ്പോള്‍ ഏകദേശം 2.3 മീറ്ററിന്റെ കൃത്യതക്കുറവു മാത്രമെ അവര്‍ കണ്ടെത്തിയുള്ളു.

ആകാശത്തുനിന്നു കരയിലേക്ക് ബോംബിടാൻ വേണ്ട മികവ് ഇപ്പോള്‍ത്തന്നെ ഇതു കൈവരിച്ചെന്ന് അവർ പറയുന്നു.

ഇന്ത്യ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ യുദ്ധവിമാനങ്ങളിൽ ഡെമോക്ലിസ് ലേസര്‍ ഡെസിഗ്‌നേറ്റര്‍ പോഡുകള്‍ (Damocles laser designator pods) ആണുള്ളത്. ഇവ ഡിസൈന്‍ ചെയ്തത് തെയ്ല്‍സ് (THALES) ആണ്. നിര്‍മാതാവു പറയുന്നത് രാത്രിയെന്നോ പകലെന്നൊ ഇല്ലാതെ ലേസറിന്റെ സഹായത്തോടെ റഫാലിനും ആക്രമണകാരിയാകാനുള്ള ശേഷിയുണ്ടെന്നാണ്. ഇതിനു ദൂരമളക്കാനും കൃത്യമായി (മീറ്ററുകളുടെ വ്യത്യാസം മാത്രമേ ഉണ്ടാവൂ) ആക്രമണം നടത്താനുമുള്ള ശേഷിയുമുണ്ട്.എയര്‍ഫോഴ്‌സിനു ശക്തി പകരാന്‍ ഇവ ഈ വര്‍ഷം സെപ്റ്റംബറില്‍ കുതിച്ചുയരുമെന്നു പ്രതീക്ഷിക്കുന്നു.

റഫാല്‍ ഉപയോഗിച്ചും അതീവ കൃത്യതയോടെ ആക്രമണം അഴിച്ചു വിടാം.

ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഡെമോക്ലിസ് സിസ്റ്റത്തിന് മറ്റു സിസ്റ്റങ്ങളുമായി ഒത്തു പ്രവര്‍ത്തിക്കാനുള്ള ശേഷിയുണ്ടെന്നത് ഗുണകരമാണ്. അമേരിക്കയുടെ ലോക്ഹീഡ് മാര്‍ട്ടിന്‍ അമേരിക്കന്‍ സേനയ്ക്കു വേണ്ടി അതിപ്രഹരശേഷിയുള്ള ലേസര്‍ സിസ്റ്റമാണ് നിര്‍മിക്കുന്നത്. ഇവ പോർവിമാനങ്ങളിൽ ഘടിപ്പിച്ച് ആദ്യ പരീക്ഷണം നടത്താനിരിക്കുന്നത് 2021ല്‍ ആണ്. അമേരിക്കയുടെ എയര്‍ഫോഴ്‌സ് റിസര്‍ച് ലബോറട്ടറി പ്രോഗ്രാമായ ഷീല്‍ഡിന്റെ (Self-protect High Energy Laser Demonstrator, or SHiELD) ഭാഗമായാണ് ഇതു നിര്‍മിക്കുന്നത്.

Loading comments...