ചന്ദ്രനില്‍ ഖനനം 2025 ല്‍ നടത്താനൊരുങ്ങി യൂറോപ്പ്

5 years ago

ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇതോടെ ശക്തമാവുകയാണ്

ബഹിരാകാശ ഗവേഷണ രംഗത്ത് സുപ്രധാന ചുവടുമായി യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സിയുടെ (ഇ.എസ്.എ.) പുതിയ പദ്ധതി.
റോക്കറ്റ് നിര്‍മാതാക്കളായ ഏരിയന്‍ ഗ്രൂപ്പുമായി സഹകരിച്ച് ചന്ദ്രോപരിതലത്തില്‍ നിന്നും വസ്തുക്കള്‍ ഖനനം ചെയ്‌തെടുക്കുന്നതിന് ഉപയോഗിക്കാവുന്ന കേന്ദ്രം സ്ഥാപിക്കാനാണ് യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സിയുടെ പദ്ധതി.2025 ന് മുമ്പ് ചന്ദ്രനിലേക്ക് പോകുന്നതിനും അവിടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള സാധ്യതകള്‍ ഇ.എസ്.എ. പരിശോധിക്കും. ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ കണ്ടെത്തുന്നതിനായി ലോകരാജ്യങ്ങള്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഇതോടെ ശക്തമാവുകയാണ്.
ഏരിയന്‍ ഗ്രൂപ്പുമായി ഒരുവര്‍ഷത്തേക്കാണ് കരാര്‍.
ചന്ദ്രോപരിതലത്തിലെ റിഗോലിത് പാളി ഖനനം ചെയ്യുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.ഇ.എസ്.എ. ഉള്‍പ്പടെയുള്ള സ്‌പെയ്‌സ് ഏജന്‍സികള്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്കയക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇത്തവണ ചന്ദ്രനില്‍ ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യകളിലൂടെ അവിടെ നില്‍ക്കുകയാണ് ലക്ഷ്യം. യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സി പറഞ്ഞു. ബഹിരാകാശ വിഭവങ്ങളുടെ ഉപയോഗം സുസ്ഥിര ചാന്ദ്രപര്യവേക്ഷണം എന്ന ആശയത്തിന്റെ താക്കോലാണ്. ബഹിരാകാശ ഗവേഷണ രംഗത്ത് തങ്ങളുടെ പ്രാതിനിധ്യം ശക്തിപ്പെടുത്തുന്നതിനും യൂറോപ്പ് ലക്ഷ്യമിടുന്നു. ഏരിയന്‍ 6 ന്റെ നാല് ബൂസ്റ്ററുകളുള്ള ഏരിയന്‍ 64 നെ യൂറോപ്യന്‍ ചാന്ദ്ര ദൗത്യത്തിനായി ഉപയോഗിക്കാമെന്നാണ് ഏരിയന്‍ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.
ഈരംഗത്ത് അമേരിക്ക, റഷ്യ, ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ യൂറോപ്പിന് എതിരാളികളായുണ്ട്.
ഗഗന്‍ യാന്‍ പദ്ധതിയിലൂടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനൊരുങ്ങുകയാണ് ഇന്ത്യയും.ഒമ്പത് സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ഖനനത്തിനും മറ്റാവശ്യങ്ങള്‍ക്കുമായുള്ള റോബോട്ടിക്ക് ഉപകരണങ്ങള്‍ വികസിപ്പിക്കാനാണ് യൂറോപ്യന്‍ സ്‌പേയ്‌സ് ഏജന്‍സിയുടെ പദ്ധതി. ചെറിയ സ്റ്റാര്‍ട്ട്അപ്പുകള്‍ മുതല്‍ ലോഖീദ് മാര്‍ട്ടിന്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ അക്കൂട്ടത്തിലുണ്ടാവും.
ഇത് വഴി യൂറോപ്യയ്ക്ക് മറ്റൊരു വലിയ മുന്നേറ്റമാണ് ചരിത്രത്തിൽ രേഖപ്പെടുത്തുവാനായി പോകുന്നത്

Loading comments...