പ്രണബിനും നാനാജിക്കും ഹസാരികയ്ക്കും ഭാരതരത്ന

5 years ago

നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌നം നല്‍കുന്നത്

പ്രണബ്കുമാര്‍ മുഖര്‍ജിക്കും നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയും ഭാരത് രത്ന പുരസ്‌കാരങ്ങൾക്ക് അര്ഹരായി .
മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും ആര്‍.എസ്.എസിന്റെയും ഭാരതീയ ജനസംഘിന്റെയും മുതിര്‍ന്ന നേതാവായിരുന്ന നാനാജി ദേശ്മുഖിനും അസമീസ് സംഗീതപ്രതിഭ ഭൂപെന്‍ ഹസാരികയ്ക്കും ഭാരതരത്‌നം ബഹുമതി. രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ച് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി നല്‍കുന്ന രാജ്യത്തെ ഏറ്റവും ഉന്നതബഹുമതിക്കാണ് മൂവരും അര്‍ഹരായത്. നാനാജി ദേശ്മുഖിനും ഭൂപെന്‍ ഹസാരികയ്ക്കും മരണാനന്തര ബഹുമതിയായാണ് ഭാരതരത്‌നം നല്‍കുന്നത്.കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും രാഷ്ട്രപതിയുമായിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ലഭിച്ച ബഹുമതിയാണ് ഇവയില്‍ ശ്രദ്ധേയം. പതിമ്മൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബ് 2012 മുതല്‍ '17 വരെയാണ് പദവി വഹിച്ചത്. നേരത്തേ, വിവിധ കോണ്‍ഗ്രസ് മന്ത്രിസഭകളില്‍ ധനകാര്യം, വിദേശകാര്യം, പ്രതിരോധം തുടങ്ങിയ മന്ത്രാലയങ്ങളുടെ ചുമതല വഹിച്ചിരുന്നു.
രാഷ്ട്രപതിസ്ഥാനമൊഴിഞ്ഞശേഷം 2018 ജൂണില്‍ നാഗ്പുരില്‍നടന്ന ആര്‍.എസ്.എസ്. പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തത് ചര്‍ച്ചയായിരുന്നു.
ആര്‍.എസ്.എസിനും ഭാരതീയ ജനസംഘിനും അടിത്തറയുണ്ടാക്കിയവരില്‍ പ്രമുഖനും താത്ത്വികാചാര്യന്മാരിലൊരാളുമായ നാനാജി ദേശ്മുഖ് ബാലഗംഗാധര തിലകിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് സാമൂഹികപ്രവര്‍ത്തനരംഗത്തിറങ്ങിയത്. വിദ്യാഭ്യാസകാലത്തുതന്നെ ആര്‍.എസ്.എസില്‍ ചേര്‍ന്നു. ഗോള്‍വാള്‍ക്കര്‍ നാനാജിയെ പ്രചാരക് എന്ന നിലയില്‍ ഗോരഖ്പുരിലേക്ക് അയച്ചതോടെ സജീവപ്രവര്‍ത്തകനായി. ഭാരതീയ ജനസംഘ് രൂപവത്കരിക്കുന്നതിന് അടിത്തറയുണ്ടാക്കിയ നേതാക്കളിലൊരാളാണ് നാനാജി ദേശ്മുഖ്.അസമിന്റെ സംഗീതലോകത്തുനിന്ന് രാജ്യവും ലോകവുമറിയുന്ന സംഗീതജ്ഞനായി വളര്‍ന്ന ഭൂപെന്‍ ഹസാരികയ്ക്കുള്ള ബഹുമതി സംഗീതത്തിനും വടക്കുകിഴക്കന്‍ മേഖലയ്ക്കുമുള്ള അംഗീകാരമാണ്. സുധാകാന്ത എന്നറിയപ്പെട്ടിരുന്ന ഹസാരിക സംഗീതത്തിനപ്പുറം അസമിന്റെ സാമൂഹികജീവിതത്തിലും ഇടപെട്ടിരുന്നു. ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമായിരുന്ന ഭൂപെന്‍ 'രുദാലി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ സംഗീതമൊരുക്കി.
2011-ല്‍ എണ്‍പത്തിയഞ്ചാം വയസ്സിലായിരുന്നു മരണം.

Loading comments...