ശബ്ദത്തേക്കാള്‍ വേഗത്തിലുള്ള വിമാനയാത്ര ഉടനെ

5 years ago

ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന 55 യാത്രക്കാരെ വഹിക്കുന്ന വിമാനം നിര്‍മിക്കുകയാണ് ബൂം

ശബ്ദത്തേക്കാള്‍ വേഗത്തിലുള്ള വിമാനയാത്രകള്‍ വരും വര്‍ഷങ്ങളില്‍ സാധാരണമാകുമെന്ന് റിപ്പോര്‍ട്ട്. സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്കായുള്ള ബൂം എന്ന കമ്പനിയുടെ ഗവേഷണങ്ങള്‍ക്ക് 100 മില്യണ്‍ ഡോളറാണ് നിക്ഷേപമായി ലഭിച്ചിരിക്കുന്നത്. ശബ്ദത്തിന്റെ ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന 55 യാത്രക്കാരെ വഹിക്കുന്ന വിമാനം നിര്‍മിക്കുകയാണ് ബൂം.
ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് മൂന്നര മണിക്കൂറുകൊണ്ട് പറന്നെത്താനാകുമെന്നതാണ് ഈ സൂപ്പര്‍സോണിക് വിമാനങ്ങളുടെ പ്രത്യേകത.
നിലവില്‍ വിമാനയാത്രക്കെടുക്കുന്നതിന്റെ ഇരട്ടിവേഗമാണിത്. 8336 കിലോമീറ്റർ വരെ നിര്‍ത്താതെ പറക്കാനും ഇവക്കാകും. മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ വിധവ ലോറന്‍സ് പവ്വല്‍ അടക്കമുള്ളവരാണ് ബൂമിന്റെ പുതിയ നിക്ഷേപകര്‍.
നിലവിലെ ബിസിനസ് ടിക്കറ്റിന്റെ നിരക്കില്‍ സൂപ്പര്‍സോണിക് യാത്ര സാധ്യമാക്കാകുകയാണ് ബൂമിന്റെ ലക്ഷ്യം.
പ്രകൃതിക്ക് അനുയോജ്യമായ ഇന്ധനങ്ങള്‍ ഉപയോഗിച്ച് മലിനീകരണം പരമാവധി കുറക്കാനും ശ്രമിക്കുമെന്നും ഇവര്‍ പറയുന്നു.
ഇവര്‍ നിര്‍മിക്കുന്ന സൂപ്പര്‍സോണിക് വിമാനത്തിന് പരമാവധി മണിക്കൂറില്‍ 2335 കിലോമീറ്ററായിരിക്കും വേഗം. ശബ്ദത്തിനു മണിക്കൂറില്‍ 1236 കിലോമീറ്ററാണ് വേഗം.
170 അടി നീളമുള്ള വിമാനത്തിന്റെ ചിറകുകളുടെ വീതി 60 അടിയായിരിക്കും. രണ്ട് പൈലറ്റുമാര്‍ അടക്കം നാല് പേരായിരിക്കും വിമാനത്തിലെ ജീവനക്കാര്‍.
55 യാത്രക്കാര്‍ക്കുവേണ്ടി രണ്ട് ശുചിമുറികളും വിമാനത്തിലുണ്ടാകും.
നിലവില്‍ ശബ്ദത്തേക്കാള്‍ 2.2 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാകുന്ന XB-1 എന്ന വിമാനത്തിന്റെ നിര്‍മാണത്തിലാണ് ബൂം. ഈ വര്‍ഷം അവസാനത്തോടെ XB-1 പറന്നുയരുമെന്നാണ് കരുതപ്പെടുന്നത്.
ബൂമിന്റെ സൂപ്പര്‍സോണിക് വിമാനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ ആവശ്യക്കാരേറിയിട്ടുണ്ട്. വിര്‍ജിന്‍ ഗ്രൂപ്പും ജപ്പാന്‍ എയര്‍ലൈന്‍സും 30 സൂപ്പര്‍സോണിക് ജെറ്റുകളാണ് നിര്‍മിക്കും മുൻപെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ നടന്നാല്‍ 2023ല്‍ ബൂമിന്റെ സൂപ്പര്‍സോണിക് വിമാനങ്ങള്‍ ആകാശം കീഴടക്കും.
വര്‍ഷങ്ങള്‍ക്കകം 2000 സൂപ്പര്‍സോണിക് ബൂം വിമാനങ്ങള്‍ 500ഓളം റൂട്ടുകളില്‍ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സൂപ്പര്‍സോണിക് വിമാനങ്ങളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് സോണിക് ബൂം. ശബ്ദത്തേക്കാള്‍ വേഗത്തില്‍ (മണിക്കൂറില്‍ 1236 കിലോമീറ്റര്‍) വിമാനങ്ങളും മറ്റും സഞ്ചരിക്കുമ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവും ഭൂമി കുലുങ്ങുന്നതു പോലുള്ള അനുഭവവും ഉണ്ടാകുക. ഇതാണ് സോണിക് ബൂം എന്നറിയപ്പെടുന്നത്. എന്നാല്‍ കോണ്‍കോഡ് വിമാനങ്ങളേക്കാള്‍ മുപ്പതിരട്ടി കുറഞ്ഞ ശബ്ദം മാത്രമേ തങ്ങളുടെ സൂപ്പര്‍സോണിക് വിമാനങ്ങളുണ്ടാക്കൂ എന്നും ബൂം അവകാശപ്പെടുന്നു.
സോണിക് ബൂം എന്നത് ഒരു ശബ്ദ പ്രതിഭാസമാണ്
മണിക്കൂറിൽ 1236 കിലോമീറ്ററായ ശബ്ദവേഗത്തിലും കൂടിയ വേഗമാണ് സൂപ്പർ സോണിക്. ഈ വേഗത്തിൽ പറക്കുന്ന വിമാനം തിരയിളക്കം പോലെ ശബ്ദതരംഗങ്ങൾ സൃഷ്ടിക്കും. ഇവയുടെ ആഘാതത്തിൽ ഭൂമി കുലുങ്ങുന്നതായി തോന്നാം. ഒപ്പം കാതടപ്പിക്കുന്ന ശബ്ദവും. ഈ പ്രതിഭാസമാണ് സോണിക് ബൂം.

Loading comments...