മോഹൻലാലിനെ രാജ്യസഭാ അംഗമാക്കണമെന്ന് ആവശ്യം

5 years ago

നിലവിൽ എം.പി.യായ സുരേഷ്‌ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമാകും.
പാർട്ടിക്കു പുറത്തുള്ള പ്രശസ്തരെ മത്സരിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. ശബരിമല യുവതീപ്രവേശത്തിൽ ബി.ജെ.പി.യും സംഘപരിവാർ സംഘടനകളും നടത്തിയ ഇടപെടലുകൾ മുൻനിർത്തിയാകും തിരഞ്ഞെടുപ്പ് പ്രവർത്തനം.നടൻ മോഹൻലാലിനെ സ്ഥാനാർഥിയാക്കണമെന്ന്‌ പാർട്ടിയിലൊരു വിഭാഗം താത്പര്യം പ്രകടിപ്പിച്ചെങ്കിലും സന്നദ്ധനല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാൽ അദ്ദേഹത്തെ രാജ്യസഭാംഗമാക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.
നിലവിൽ എം.പി.യായ നടൻ സുരേഷ്‌ഗോപി, മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ തുടങ്ങിയവർ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്.
തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, നമ്പി നാരായണൻ, സുരേഷ്‌ഗോപി, സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോൾ ഉയരുന്നത്.മുൻ സംസ്ഥാന അധ്യക്ഷനും ഇപ്പോൾ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന ആവശ്യമുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇടപെട്ടില്ലെങ്കിൽ ഇത് നടക്കില്ല. അവസാനശ്രമമെന്ന നിലയിൽ ദേശീയതലത്തിൽനിന്ന് മോഹൻലാലിനുമേൽ സമ്മർദമുണ്ടാകാമെന്നും നേതാക്കൾ പറയുന്നു. രാജ്യസഭാംഗമായി സുരേഷ്‌ഗോപിയുടെ കാലാവധി ഇനി മൂന്നുകൊല്ലത്തോളമുണ്ട്.
ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തെക്കൻ ജില്ലയിൽ സ്ഥാനാർഥിയാകാനും സാധ്യതയുണ്ട്. ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചർച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല.ശബരിമലയുമായി ബന്ധപ്പെട്ട് പ്രവർത്തകർക്കെതിരേയുള്ള കേസുകൾ കൈകാര്യംചെയ്യാൻ മുതിർന്ന അഭിഭാഷകനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ ശ്രദ്ധ തിരുവനന്തപുരത്തിനാണ് ബി ജെ പി നൽകുന്നത്.

Loading comments...