കഞ്ചാവ് ചെടിയുടെ തണ്ടില്‍നിന്ന് ചെരിപ്പുനിര്‍മാണം

6 years ago
2

കരകൗശല ഉത്‌പന്നങ്ങള്‍ നിര്‍മിക്കാന്‍ നട്ടുവളര്‍ത്തുന്നതാണ് നേപ്പാളില്‍ ഈ കഞ്ചാവ് ചെടി

നേപ്പാളില്‍ കഞ്ചാവ് ചെടിയുടെ തണ്ടില്‍നിന്ന് നിർമിച്ച ചെരുപ്പുമായാണ് കോഴിക്കോട് സർഗ്ഗാലയ മേളയിൽ കലാകാരന്മാർ എത്തിയത്.
കരകൗശല രംഗത്ത് ആരും പരീക്ഷിക്കാത്ത ഉത്‌പന്നവുമായാണ് നേപ്പാളില്‍ നിന്നുള്ള കലാകാരന്മാര്‍ സര്‍ഗാലയ മേളയ്ക്കെത്തിയത്. കഞ്ചാവ് ചെടി എന്ന പേര് കേള്‍ക്കുമ്ബോള്‍ ഞെട്ടേണ്ട. ഇവിടുത്തെ ലഹരി ഉണ്ടാക്കുന്ന കഞ്ചാവ് ചെടിയല്ല നേപ്പാളിലെ കഞ്ചാവ് ചെടി. ഇതിന്റെ തണ്ട് ഷീറ്റാക്കിമാറ്റി അതില്‍ ചെരിപ്പ് ഉണ്ടാക്കിയിരിക്കുന്നു. കരകൗശല ഉത്‌പന്നങ്ങള്‍ നിര്‍മിക്കാന്‍ നട്ടുവളര്‍ത്തുന്നതാണ് നേപ്പാളില്‍ ഈ കഞ്ചാവ് ചെടി. ഇതിന്റെ തണ്ട് ഉപയോഗിച്ചുള്ള ചെരിപ്പ് കാലിന്റെ അടിക്ക് നല്ലതാണെന്നാണ് നേപ്പാളിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച അറിയിപ്പും ചെരിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളത്തില്‍ ഇടാന്‍ പറ്റില്ല.
300 രൂപയാണ് വില.
നേപ്പാളില്‍ 6000-ത്തോളം കരകൗശല ഉത്‌പന്നങ്ങള്‍ ഉള്ളതായി കാഠ്മണ്ഡുവില്‍ നിന്നെത്തിയ പ്രേം ലാമ പറഞ്ഞു. ഇതില്‍ 700-ഓളം കരകൗശല വസ്തുക്കളുമായാണ് ലാമയുടെയും കൂട്ടരുടെയും വരവ്. ഇതിനാല്‍ 121 മുതല്‍ 124 വരെയുള്ള നാല് സ്റ്റാളുകള്‍ ഇവര്‍ കൈയടക്കിയിട്ടുണ്ട്. നേപ്പാളില്‍ 20 ശതമാനം പേര്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നു. കല്ല്‌വെച്ച മോതിരത്തിനാണ് ഡിമാന്‍ഡ്‌. രുദ്രാക്ഷം, കീച്ചെയിന്‍, ചരട്, ബാഗ്, പേപ്പര്‍ ബാഗ്, കളിപ്പാട്ടം, ജ്വല്ലറി ഉത്‌പന്നങ്ങള്‍, തുണിയിലെ കരകൗശലങ്ങള്‍, പെയിന്റിങ് എന്നിങ്ങനെ നിരവധി സാധനങ്ങള്‍. 2000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപവരെയുള്ള പെയിന്റിങ് ഉണ്ട്. ദേശീയ അവാര്‍ഡ് ജേതാവായ മംഗള്‍ പുത്ര പത്തുലക്ഷം രൂപയുടെ ചിത്രങ്ങളുമായാണ് വന്നത്.

ഡിസംബർ 20 നാണ് മേള കോഴിക്കോട് തുടക്കമായത്

മികവിന്റെ വിസ്മയക്കാഴ്ചയുമായാണ് എട്ടാമത് സര്‍ഗാലയ രാജ്യാന്തര കരകൗശല മേള കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായത്. പ്രളയക്കെടുതിയില്‍പ്പെട്ട ടൂറിസം േമഖലയ്ക്ക് പുത്തനുണര്‍വ് നല്‍കുകയാണ് മേളയുടെ ലക്ഷ്യം. നാല് വിദേശരാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ അഞ്ഞൂറിലധികം കലാകാരന്‍മാര്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്.ഭൂട്ടാന്‍, നേപ്പാള്‍, ഉസ്ബക്കിസ്ഥാന്‍, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ കരകൗശല വിദഗ്ധരുടെ പങ്കാളിത്തമാണ് പ്രത്യേകത. ഇന്ത്യയിലെ ഇരുപത്തി ഒന്ന് സംസ്ഥാനങ്ങളിലെ അഞ്ഞൂറിലധികം കലാകാരന്‍മാരുടെയും മികവാര്‍ന്ന കരവിരുതും മേളയുടെ ഭാഗമാണ്. ബാഗ്, തുണിത്തരങ്ങള്‍, അയണ്‍ ക്രാഫ്റ്റ്, ഹോണ്‍ ക്രാഫ്റ്റ്, പേപ്പര്‍ മാഷെ, മിഥില പെയിന്റിങ് തുടങ്ങിയവയ്ക്കൊപ്പം വിവിധ ആഭരണങ്ങളും അലങ്കാര വസ്തുക്കളുമെല്ലാം ആകര്‍ഷകമാണ്.

കൂടുതല്‍ സഞ്ചാരികളെ മേളയിലേക്കെത്തിക്കുകയാണ് വിദേശീയരായ കലാകാരന്‍മാരെ ഉള്‍പ്പെടുത്തിയതിന്റെ ലക്ഷ്യം.

പ്രളയക്കെടുതിയില്‍ തകര്‍ന്ന വിനോദസഞ്ചാരമേഖലയുടെ പുത്തനുണര്‍വിന് മേള സഹായിക്കുമെന്നാണ് പ്രതീക്ഷ.ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനൊപ്പം അവയുടെ നിര്‍മാണ കൗതുകവും ചോദിച്ചറിയാനുള്ള അവസരവുമുണ്ട്. കൈത്തറി, തുകല്‍ ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ചെറുകിട സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ പുറത്തിറക്കുന്നവയാണ്. മേളയുടെ മുഴുവന്‍ ദിവസവും ആകര്‍ഷകമായ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി ഏഴ് വരെയാണ് പ്രദര്‍ശനം. മേളയിൽ ഒരേ സമയം 3000 വാഹനത്തിന് പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.അറുപതോളം ട്രാഫിക് വൊളന്റിയർമാർക്ക് പരിശീലനം നൽകിയിരുന്നു. മേളയിലെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള 250 സ്റ്റാളുകളുടെയും വിദേശ കരകൗശല വിദഗ്ധർക്കുള്ള പവലിയനുകളും കേരള ഗോത്രഗ്രാമം, കളരി വില്ലേജ്, അമ്യൂസ്മെന്റ് പാർക്ക്, ഭക്ഷ്യമേള എന്നിവയ്ക്കുമുള്ള ഒരുക്കങ്ങളാണ് മേളയ്ക്കായി സജ്ജീകരിച്ചത്. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന കലാപ്രകടനകളും ഇവിടെയുണ്ട്.
ജനുവരി 8 വരെയാണ് മേള നടക്കുന്നത്.

Loading comments...