പിറന്നാളിന് ഇനി സ്കൂളിൽ കള്ളറാവാം.!

6 years ago
10

ഡി.പി.ഐ. സർക്കുലർ ഇറക്കി

പിറന്നാൾദിവസവും ഇനി മറ്റുള്ളവരെപ്പോലെ സ്കൂൾ യൂണിഫോമിൽ ഒതുങ്ങിക്കൂടേണ്ട. നല്ല തകർപ്പൻ കുപ്പായമിട്ട് വിലസാം.
പിറന്നാൾദിവസം കുട്ടികൾ നിറമുള്ള വസ്ത്രങ്ങളിട്ടുവന്നാൽ അവരോട് മോശമായി സംസാരിക്കാനോ മാനസികമായി പീഡിപ്പിക്കാനോ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലറിറക്കി. തിരുവനന്തപുരത്തെ ഒരു സ്കൂൾ കുട്ടിയുടെ പരാതിപ്രകാരമാണ് ഈ നിർദേശം. ജന്മദിനത്തിൽ നിറമുള്ള വസ്ത്രമിട്ടു വന്നതിന് അധ്യാപകർ വഴക്കുപറഞ്ഞെന്നും മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയിരുന്നു.
ഇത് പരിഗണിച്ചാണ് ഡയരക്ടർ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയരക്ടർമാർക്കും കത്തയച്ചത്.
സംസ്ഥാനത്തെ പല സ്കൂളുകളിൽനിന്നും സമാനമായ പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ചും ചില സ്വകാര്യ സ്കൂളുകൾ യൂണിഫോമിന്റെ കാര്യത്തിൽ കർശനമായ നിലപാടാണ് എടുക്കുന്നത്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പിറന്നാൾദിവസം യൂണിഫോമിന്റെ കാര്യത്തിൽ കുട്ടികൾക്ക് ഇളവുനൽകാൻ ധാരണയായത്. കാതറില്‍ ജെ വി എന്ന വിദ്യാര്‍ത്ഥിനിയാണ് പരാതി നൽകിയത് ഇതിന്മേലാണ് നടപടിയെന്ന് ഡിപിഐ ഓഫീസ് അറിയിച്ചു.
ജന്മദിനത്തില്‍ യൂണിഫോം ധരിക്കാതെ എത്തിയ കാതറിനോട് സ്‌കൂള്‍ അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മ ദിനത്തില്‍ യൂണിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചു വരുന്ന വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഡിപിഐ നല്‍കിയത്.

Loading comments...