ക്രൂഡ് ഓയിലില്‍ കുളി ആരോഗ്യകരമോ ?

6 years ago

10 മിനിറ്റ് ചൂടുള്ള ക്രൂഡ് ഓയിലില്‍ കുളിച്ചശേഷം 40 മിനിറ്റ് എടുത്ത് ഓയില്‍ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതാണ് രീതി

ക്രൂഡ് ഓയിലില്‍ കുളിക്കാന്‍ വേണ്ടി മാത്രം ആളുകള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് അസര്‍ബൈജാനിലെ നാഫ്റ്റലാന്‍.ഇവിടെ ക്രൂഡ് ഓയിൽ കുളിക്ക് സൗകര്യമൊരുക്കുന്ന റിസോർട്ടുകൾ വരെ പ്രവർത്തിക്കുന്നുണ്ട്.അസര്‍ബൈജന്റെ തലസ്ഥാനമായ ബാക്കുവില്‍ നിന്നും 320 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണമാണ് നാഫ്റ്റലാൻ. എണ്ണശേഖരത്തിന്റെ നാടായ അസര്‍ബൈജാനിലെ നാഫ്റ്റലാനില്‍ നൂറുവര്‍ഷം മുമ്പുമുതല്‍ ആളുകള്‍ ക്രൂഡ് ഓയിലില്‍ കുളിക്കാനായി എത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന് നിരവധി ആരോഗ്യഗുണങ്ങളുണ്ടെന്നാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.50 ശതമാനത്തോളം നാഫ്താലിനും ഹൈഡ്രോകാര്‍ബണും അടങ്ങിയ ക്രൂഡ് ഓയിലില്‍ കുളിക്കുന്നത് ചര്‍മരോഗം അടക്കം 70 രോഗങ്ങള്‍ക്ക് ശമനം ലഭിക്കാന്‍ കാരണമാകുമെന്ന് ഒരുകൂട്ടം ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ അസ്ഥിസംബന്ധമായ രോഗങ്ങള്‍, സ്ത്രീരോഗങ്ങള്‍, മൂത്രസംബന്ധ രോഗങ്ങള്‍, വാതരോഗം, നാഡീസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ക്രൂഡ് ഓയിലില്‍ കുളിക്കുന്നത് മികച്ച ഫലം നല്‍കുമെന്ന് ബുറബാഗ് സ്പായിലെ ആരോഗ്യ വിദഗ്ധന്‍ അസീര്‍ വാഗിഫോവ് അഭിപ്രായപ്പെട്ടു. ചൂടുള്ള ക്രൂഡ് ഓയിലില്‍ 10 മിനിറ്റ് കിടന്നാണ് കുളി. 10 മിനിറ്റ് ചൂടുള്ള ക്രൂഡ് ഓയിലില്‍ കുളിച്ചശേഷം 40 മിനിറ്റ് എടുത്ത് ഓയില്‍ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നതാണ് രീതി.14,000 രൂപ മുതലാണ് ഒരു ക്രൂഡ് ഓയില്‍ കുളിക്ക് ചെലവാകുന്ന തുക. റഷ്യ, കസാക്കിസ്ഥാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ ക്രൂഡ് ഓയില്‍ ബാത്തിനായി നാഫ്റ്റലാനില്‍ എത്തുന്നത്. എന്നാല്‍ ക്രൂഡ് ഓയിലിലെ നാഫ്ത്തലീൻ മനുഷ്യരില്‍ കാൻസറിന് കാരണമാകുന്ന കാര്‍സിനോജനായി മാറാന്‍ സാധ്യത കൂടുതലാണെന്ന് അമേരിക്കന്‍ ഗവേഷകരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. മൃഗങ്ങളില്‍ നാഫ്ത്തലീൻ കാൻസറിന് കാരണമാകും. എന്നാല്‍ മനുഷ്യരില്‍ ഇത് കാന്‍സറിന് കാരണമാകുമോ എന്ന ഇതവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. 1926 മുതല്‍ നാഫ്റ്റലാനിൽ ക്രൂഡ് ഓയിലില്‍ കുളിക്കുന്നതിനുള്ള സൗകര്യമുണ്ട്. 15,000 ആളുകളാണ് ഒരു വര്‍ഷം ഇവിടെ സന്ദര്‍ശിക്കാനായി എത്തുന്നത്.ഇവിടെ ഒന്‍പതോളം റിസോര്‍ട്ടുകളിലാണ് ഇത്തരത്തിൽ ക്രൂഡ് ഓയിൽ കുളി ഒരുക്കിട്ടുള്ളത്.

Loading comments...