കേരളം നെഞ്ചിലേറ്റിയ ചിത്രം; ഇവൾ ഷാജില...

5 years ago
1

മാതൃഭൂമി ഫോട്ടോഗ്രാഫർ എം.പി. ഉണ്ണിക്കൃഷ്ണന്റെ ക്യാമറയിലാണ് ഷാജിലയുടെ മുഖം പതിഞ്ഞത്

ഒരൊറ്റ ദിവസം കൊണ്ട് കേരളം നെഞ്ചിലേറ്റിയ ഒരു മാധ്യമ പ്രവർത്തകയുടെ ചിത്രം. ശരീരം അടിയേറ്റ വേദന കൊണ്ട് പുളയുമ്പോഴും സ്വന്തം കർത്തവ്യം മുറുകെ പിടിച്ചവൻ.
ശബരിമല വിഷയത്തിൽ കലാപകലുഷിതമായ തലസ്ഥാനത്ത് ചുറ്റുമുള്ള സഹപ്രവർത്തകർ അടിയേറ്റ് വീഴുമ്പോഴും സ്വയം അടിയേറ്റ് വേദന കൊണ്ട് ശരീരം പിടയുന്നതിനിടയിലും ക്യാമറ മുറുകെപിടിച്ച് തന്റെ കര്‍ത്തവ്യത്തോട് നീതികാട്ടിയവള്‍.ഇവൾ ഷാജില എ. ഉശിരുള്ള പെണ്ണൊരുത്തി... അവള്‍ കരയുകയായിരുന്നില്ല. ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും ഒരു നിമിഷം ഒന്നും പ്രതികരിക്കാന്‍ കഴിയാതെ നിശബ്ദയാക്കപ്പെട്ടവളുടെ അമര്‍ഷമായിരുന്നു ആ കണ്ണീര്‍. തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ആരും കാണാതിരിക്കാന്‍ ഷാജില ക്യാമറയുടെ വ്യൂഫൈന്‍ഡറിലേയ്ക്ക് ഒന്നുകൂടി മുഖമമര്‍ത്തി ജോലി തുടര്‍ന്നു.
മാതൃഭൂമി ഫോട്ടോഗ്രാഫർ എം.പി. ഉണ്ണിക്കൃഷ്ണന്റെ ക്യാമറയിലാണ് ഷാജിലയുടെ മുഖം പതിഞ്ഞത്.
ഈ ദൃശ്യം അങ്ങനെ ഒരൊറ്റ ദിവസം കൊണ്ട് കേരളം ഏറ്റെടുത്തു. ഫെയ്​സ്ബുക്ക് പോസ്റ്റുകളായി. സ്റ്റാറ്റസുകളായി. പ്രൊഫൈൽ ചിത്രങ്ങളായി. പോരാട്ടത്തിന്റെ പ്രതീകമായി അവൾ മാറി.
തന്റെ ചിത്രത്തെക്കുറിച്ച് ഉണ്ണിക്കൃഷ്ണന്‍ പറയുന്നത് ഇപ്രകരമാണ്
സമരപ്പന്തലിനു സമീപം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ശക്തമായ ആക്രമണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് ഷാജില തന്റെ ശ്രദ്ധയില്‍ പെട്ടത്. ആക്രമിക്കപ്പെട്ടതിനു ശേഷവും പിന്തിരിയാതെ അവര്‍ ജോലി തുടരുകയായിരുന്നു. കണ്ണുകള്‍ നിറയുന്നുണ്ട് പക്ഷേ അപ്പോള്‍ അവരുടെ മുഖത്ത് കണ്ടത് സങ്കടമായിരുന്നില്ല. അവരുടെ കണ്ണുകളില്‍ കണ്ടത് കണ്ണീരുമായിരുന്നില്ല,ആ നിമിഷം താൻ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു
തനിക്ക് എന്തെങ്കിലും സംഭവിക്കുന്നതിലല്ല. വേദനിച്ചതിലുമല്ല, ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍.... എട്ടു ലക്ഷം രൂപയാണ് അതിന്റെ വിലയെന്നു ഒരു നിമിഷം മൗനത്തോടെ ഷാജില പറയുന്നു.
"യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലില്‍ എന്‍.ശിവരാജന്റെ പ്രതികരണമെടുക്കാന്‍ പോയതായിരുന്നു തങ്ങളെന്ന് ഷാജിലാ പറയുന്നു..
കൈരളി പീപ്പിളിനു വേണ്ടി ഷാജിലാ തനിച്ചായിരുന്നു ഉണ്ടായിരുന്നത് എന്ന് അവർ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സമരപ്പന്തലില്‍ എത്തുമെന്നറിഞ്ഞതിനെ തുടര്‍ന്ന് താനടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കാത്തിരുന്നു. രമേശിന്റെ പ്രതികരണമെടുത്ത ശേഷം തങ്ങള്‍ പോകാനൊരുങ്ങുമ്പോഴാണ് സെക്രട്ടിയേറ്റിന് മുന്നിലേക്ക് അശ്വതി ജ്വാല നയിച്ച മാര്‍ച്ച് വരുന്നത്. വരുമ്പോള്‍ തന്നെ മാര്‍ച്ച് അക്രമാസക്തമായിരുന്നു. പ്രവര്‍ത്തകര്‍ ഫ്ലക്സ് ബോർഡുകൾ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ന്യൂസ് 18 ചാനലിലെ ഒബി വാന്‍ ടെക്‌നിഷ്യനുനേരെ ആക്രമികൾ പാഞ്ഞടുക്കുന്നത് കണ്ട് താനും മാത്യൂഭൂമി ന്യൂസ് ക്യാമറമാന്‍ ബിജു സൂര്യയും ചെന്നു. തങ്ങൾ ആക്രമണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഇതിനിടയില്‍ അക്രമികള്‍ തനിക്കും ബിജുവിനും നേരെ പാഞ്ഞടുത്തു. ഇനി ഒരു ദൃശ്യം പകര്‍ത്തിയാല്‍ ക്യാമറ അടിച്ചു തകര്‍ക്കുമെന്ന് അലറിക്കൊണ്ടാണ് അവര്‍ പാഞ്ഞടുത്തത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബിജുവിന്റെ കൈ അക്രമികൾ പിടിച്ചു തിരിച്ചു. തുടര്‍ന്ന് ലെന്‍സ് ഉള്‍പ്പെടെ ക്യാമറ നിലത്തെറിഞ്ഞ് പൊട്ടിച്ചു.
സെക്രട്ടറിയേറ്റിനു സമീപം സ്റ്റാച്ച്യൂവിന് മുമ്പില്‍ വച്ചിരുന്ന ഫ്‌ളക്‌സുകള്‍ അടിച്ചു തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന എന്റെ നേരെ ആക്രോശവുമായി അവര്‍ വീണ്ടും എത്തി. നിന്നോട് അത് എടുക്കല്ലേ എന്നല്ലേടി പറഞ്ഞത് ഇനി നീ അത് എടുത്താല്‍ നിന്റെ ക്യാമറ അടിച്ചുപൊട്ടിക്കും. ഇത് ഒരു ടിവിയിലും പോകാന്‍ പാടില്ല എന്ന് പറഞ്ഞ് അവര്‍ ബഹളം വയ്ക്കുകയായിരുന്നു. ഈ സമയം ദൃശ്യങ്ങള്‍ പകര്‍ത്തി കൊണ്ടിരുന്ന ഞാൻ ക്യാമറ ഓഫ് ചെയ്ത് താഴ്ത്തിവച്ചു.
തന്നെ അടിക്കുന്നതിലല്ല ക്യാമറയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന് ഓര്‍ത്താണ് താൻ അത് ചെയ്തത് എന്ന ഷാജിലാ പറയുന്നു.
ഇതിനിടയില്‍ ഡെക്കാന്‍ ക്രോണിക്കിള്‍ ക്യാമറാമാനെ ക്രൂരമായി മര്‍ദിക്കുന്നുണ്ടായിരുന്നു. ക്യാമറയും എറിഞ്ഞു തകര്‍ത്തു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് മീഡിയ വണ്‍ ക്യാമറമാന് മര്‍ദനമേറ്റത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയിലാണ് എന്റെ നേരേ ആക്രമണം ഉണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ ക്യാമറ തോളില്‍ ഇരിക്കുകയായിരുന്നു. പിറകില്‍ നിന്ന് ഒരാള്‍ ക്യാമറ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു. ക്യാമറയ്ക്ക് ഒന്നും സംഭവിക്കാതിരിക്കാനായി ഞാന്‍ മുറുകെ പിടിച്ചു. എന്നാല്‍ ക്യാമറ കിട്ടാത്തതിനെ തുടര്‍ന്ന് ക്യാമറയുടെ ഹാന്‍ഡിലോടുകൂടി അക്രമി എന്നെ കറക്കി നിലത്തേയ്ക്ക് തള്ളുകയായിരുന്നു. ശക്തമായ ബലപ്രയോഗത്തെ തുടര്‍ന്ന് കഴുത്ത് ഉളുക്കി. കൈയിലിരുന്ന മൈക്ക് പിടിച്ചു വാങ്ങി തറയില്‍ എറിഞ്ഞുടച്ചു. ഒരുതവണ എറിഞ്ഞിട്ടും പൊട്ടാത്തതിനെ തുടര്‍ന്ന് മൂന്നു തവണ നിലത്തെറിഞ്ഞ് ഉടയ്ക്കുകയായിരുന്നു. ശക്തമായി എറിഞ്ഞതിനെ തുടര്‍ന്ന് മൈക്ക് പൊട്ടി ചിതറിപ്പോയി.
നാലഞ്ചുപേര്‍ ചേര്‍ന്ന് അക്രമിച്ചപ്പോള്‍ ഒന്നു പ്രതികരിക്കാന്‍ പോലും കഴിഞ്ഞില്ല. ഈ സമയം എനിക്ക് അമര്‍ഷമാണ് ഉണ്ടായത്. തനിക്ക് എന്തെങ്കിലും സംഭവിച്ചോ എന്നല്ല ഒരു നിമിഷം ക്യാമറ പോയി എന്നാണ് കരുതിയത്. അത് ഓഫീസ് ക്യമറയാണ്. എട്ടു ലക്ഷം രൂപയാണ് വില. ചിന്തിക്കാന്‍ പോലും കഴിയുന്നില്ല"-ഷാജില പറയുന്നു.
രാവിലെ ഒന്‍പതരയ്ക്കാണ് ഷാജില റിപ്പോര്‍ട്ടിങ്ങിന് പോയത്.
ആക്രമണത്തിന് ഇരയായെങ്കിലും ഉച്ചയ്ക്ക് മൂന്നുമണിവരെ പരിക്ക് വകവയ്ക്കാതെ ജോലി തുടര്‍ന്നു. വൈകിട്ടായപ്പോഴേയ്ക്കും കഴുത്ത് ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയായി. പന്ത്രണ്ടു വര്‍ഷമായി ഷാജില കൈരളിയില്‍ ജോലി ചെയ്തു വരുന്നു. അഞ്ചു വര്‍ഷമായി പീപ്പിള്‍ ചാനലിലാണ്. അതിന് മുമ്പ് കൈരളിയില്‍ തന്നെ ഡി.ടി.പി ഓപ്പറേറ്ററായിരുന്നു.തിരുവനന്തപുരം പേട്ട സ്വദേശിനയാണ് ഷാജില. സംഭവത്തിനു ശേഷം ബിജെപി പ്രവര്‍ത്തകര്‍ ക്ഷമ പറഞ്ഞെങ്കിലും നിങ്ങള്‍ മുമ്പ് ചെയ്ത റിപ്പോര്‍ട്ട് പ്രവര്‍ത്തകരുടെ മനസില്‍ മുറിവേല്‍പ്പിച്ചതുകൊണ്ടാണ് അവര്‍ അക്രമിച്ചതെന്നായിരുന്നു നേതാക്കളുടെ മറുപടി. ഇനിയും ഇത്തരം ജോലി ചെയ്യാന്‍ നിയോഗിക്കപ്പെട്ടാൽ ഉറപ്പായി ചെയ്യും-അക്രമങ്ങൾ ഷാജിലയുടെ മനസ്സിന്റെ ദൃഢനിശ്ചയത്തെ തെല്ലും ബാധിച്ചില്ലെന്ന് വ്യക്തം.

Loading comments...