ആസ്ബെസ്‌റ്റോസ്‌ ഷീറ്റും ക്യാൻസറും

6 years ago
67

ശ്വാസകോശ ക്യാന്‍സറിന് കാരണമാവുന്നതില്‍ വലിയ പങ്ക് ഈ ആസ്ബെസ്റ്റോസാണ്

കെട്ടിടങ്ങള്‍ക്ക് മേല്‍ക്കൂരയായും മറ്റും ഉപയോഗിക്കുന്ന ക്രിസോടൈല്‍ അഥവാ വൈറ്റ് ആസ്ബെസ്‌റ്റോസ് എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിക്കാം.
ജോണ്‍സണ്‍സ് ബേബി പൗഡറില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാവുന്ന ആസ്ബെസ്‌റ്റോസിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കമ്പനി രഹസ്യമാക്കിയെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആസ്ബെസ്‌റ്റോസ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് വീണ്ടും ചര്‍ച്ചകളുയര്‍ന്നു.
ലോകരാജ്യങ്ങളില്‍ ഏതാണ്ട് അമ്പത്തിയഞ്ചോളം രാഷ്ട്രങ്ങള്‍ ആസ്ബെസ്‌റ്റോസിന്റെ ഉപയോഗം വിലക്കിയിട്ടുണ്ട്.
അതേസമയം ആസ്ബെസ്റ്റോസ് നിയമപരമായി വാങ്ങുവാനും ഉപയോഗിക്കാനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ആസ്ബെസ്റ്റോസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി നമുക്കത്ര ധാരണയുമില്ല. ലോകത്ത് ഏറ്റവും കൂടുതല്‍ ആസ്ബെസ്‌റ്റോസ് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശ്വാസകോശ ക്യാന്‍സറിന് കാരണമാവുന്നതില്‍ വലിയ പങ്ക് ഈ ആസ്ബെസ്റ്റോസാണ്.
ആസ്ബെസ്റ്റോസ് ഷീറ്റ് പൊട്ടിക്കുമ്പോള്‍ പുറത്തെത്തുന്ന ഫൈബര്‍ അഥവാ നാരുകള്‍ ആണ് ഏറ്റവും മാരകം. ഇവ ശ്വാസകോശത്തിലെത്തിയാല്‍ അര്‍ബുദത്തിന് വരെ കാരണമായേക്കാം.
ആസ്ബെസ്‌റ്റോസിസ്എന്ന ഒരു ശ്വാസകോശ രോഗം തന്നെയുണ്ട്.ആസ്ബെസ്‌റ്റോസിസ് പൊട്ടിക്കുമ്പോഴാണ് നാരുകള്‍ പറക്കുന്നതും നമ്മുടെ ശ്വാസകോശത്തില്‍ എത്തുന്നതും. എന്നാല്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഇട്ട കെട്ടിടത്തിന് താഴെ ജീവിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള തെളിവുകളോ റിപ്പോര്‍ട്ടുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
വ്യത്യസ്ത തരം ആസ്ബെസ്റ്റോസ് നിലവിലുണ്ടെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ക്രിസോടൈല്‍ അല്ലെങ്കില്‍ വൈറ്റ് ആസ്ബെസ്റ്റോസ് ആണ് ഇന്ത്യയില്‍ വ്യാപകമായത്.
നിര്‍മാണത്തിന് അനുയോജ്യമായതിനാലാണ് ക്രിസോടൈല്‍ ഇത്രയ്ക്ക് വ്യാപകമായതും.
എന്നാല്‍ ക്യാന്‍സറിന് കാരണമാവുന്ന രാസപദാര്‍ത്ഥം അല്ലെങ്കില്‍ കാര്‍സിനോജന്‍ ആയാണ് ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ സംഘടന വൈറ്റ് ആസ്ബെസ്റ്റോസിനെ വിശദീകരിക്കുന്നത്.
ക്രിസോടൈലിന്റെ നാരുകള്‍ ശ്വസിക്കുന്നത് ശ്വാസകോശത്തില്‍ മുറിവുകള്‍ ഉണ്ടാക്കുമെന്നും ശ്വസിക്കുന്നതിന് തടസമുണ്ടാക്കുകയും ക്യാന്‍സറിന് കാരണമാവുകയും ചെയ്യും.
ആസ്ബെസ്റ്റോസ് അനുബന്ധ രോഗങ്ങള്‍ ബാധിച്ച് ലോകത്താകമാനം 1.07 ലക്ഷം ആളുകള്‍ മരിച്ചുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ 2004ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
അവസാന കണക്കുകള്‍ക്ക് ശേഷം പതിനാല് വര്‍ഷം പിന്നിടുമ്പോള്‍ ആസ്ബെസ്‌റ്റോസ് ഉപയോഗത്തിനൊപ്പം ഈ മരണനിരക്കും രോഗബാധിതരായി തുടരുന്നവരുടെ എണ്ണവും എത്രയോ മടങ്ങ് കൂടിയിട്ടുണ്ടാവുമെന്നുറപ്പ്.
ഒരു കാരണവശാലും വലിയ ഷീറ്റിനെ ചെറിയതായി മുറിക്കാന്‍ ശ്രമിക്കരുത്. ഉപേക്ഷിക്കാന്‍ എളുപ്പത്തിനായി പൊട്ടിച്ചു ചെറിയ കഷണം ആക്കുകയും ചെയ്യരുത്. ആസ്ബെസ്റ്റോസ് ഷീറ്റ് പൊട്ടിക്കുമ്പോളാണ് ഏറ്റവും കൂടുതല്‍ നാരുകള്‍ പറക്കുന്നതും നമ്മുടെ ശ്വാസകോശത്തില്‍ എത്തുന്നതും.
വീടുകളിലോ മറ്റും ആസ്ബെസ്റ്റോസ് പൊട്ടി വീണിട്ടുണ്ടെങ്കില്‍ മാസ്‌ക് ധരിച്ചു, പൊട്ടിയ ഭാഗം വെള്ളം ഉപയോഗിച്ച നനച്ചു വേണം മാറ്റാൻ.

Loading comments...