ഒരു വർഷം സ്മാർട്ട് ഫോണില്ലാതെ ജീവിച്ചു കാണിച്ചാൽ നേടാം 72 ലക്ഷം!

5 years ago

സ്വന്തമായതോ മറ്റുള്ളവരുടേയോ സ്മാര്‍ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഒഴിവാക്കണം എന്നാണ് മത്സരത്തിന്റെ പ്രധാന വ്യവസ്ഥ

സ്മാര്‍ട്‌ഫോണ്‍ ഇല്ലാതെ ഒരു വര്‍ഷം ജീവിച്ചുകാണിച്ചാല്‍ ഒരുലക്ഷം ഡോളര്‍ (ഏകദേശം 72 ലക്ഷം രൂപ) സമ്മാനമായി നല്‍കാമെന്ന വാഗ്ദാനവുമായി അമേരിക്കയിലെ കൊക്കക്കോള കമ്പനികളിലൊന്നായ വിറ്റാമിന്‍ വാട്ടര്‍. ജനങ്ങളെ സ്മാർട്ട് ഫോൺ ഒരു വർഷത്തെക്ക് ഉപയോഗിക്കാതിരിക്കാൻ സാധിക്കുമോ എന്നുള്ള വെല്ലു വിളിയാണ് മത്സരം വഴി കമ്പനി ഉയർത്തുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 2019 ജനുവരി എട്ട് വരെ അപേക്ഷിക്കാം. ആകര്‍ഷകമായതും ക്രിയാത്മകമായതുമായ ഇന്‍സ്റ്റാഗ്രാം ട്വിറ്റര്‍ പോസ്റ്റുകള്‍ വഴിയാണ് മത്സരാര്‍ത്ഥികള്‍ സന്നദ്ധത അറിയിക്കേണ്ടത്.
ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കേ മത്സരത്തിന്റെ ഭാഗമാവാന്‍ സാധിക്കൂ.
സ്വന്തമായതോ മറ്റുള്ളവരുടേയോ സ്മാര്‍ട്‌ഫോണുകളും ടാബ്‌ലെറ്റുകളും ഒഴിവാക്കണം എന്നാണ് മത്സരത്തിന്റെ പ്രധാന വ്യവസ്ഥ. അതിനാല്‍ മത്സരാര്‍ത്ഥികള്‍ക്ക് പകരം ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ഫീച്ചര്‍ ഫോണ്‍ നല്‍കും. ഫോണ്‍വിളിയ്ക്ക് മാത്രമായി ഇത് ഉപയോഗിക്കാം. ഡെസ്‌ക്ടോപ്പ് കംപ്യൂട്ടറും ലാപ്‌ടോപ്പും ഉപയോഗിക്കാനുള്ള അനുമതിയുമുണ്ട്.
കൂടാതെ ശബ്ദനിയന്ത്രിത ഉപകരണങ്ങളായ ഗൂഗിള്‍ ഹോം ആമസോണ്‍ എക്കോ പോലുള്ളവയും ഉപയോഗിക്കാം.
മത്സരത്തിന് തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ സ്മാര്‍ട്‌ഫോണ്‍ ഇല്ലാതെ നിങ്ങള്‍ എങ്ങനെ ഒരുവര്‍ഷക്കാലം ജീവിക്കും എന്ന് ക്രിയാത്മകമായും ആകര്‍ഷകമായും വിശദമാക്കിക്കൊണ്ടുള്ള ട്വീറ്റും, ഇന്‍സ്റ്റാഗ്രാം പോസ്റ്റും നിങ്ങള്‍ പങ്കുവെക്കണം. #NoPhoneforaYear , #contest എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചാണ് ഈ പോസ്റ്റുകള്‍ ഇടേണ്ടത്. കമ്പനിയ്ക്ക് അനുയോജ്യമായ ക്രിയാത്മകത, മൗലികത, തമാശ എന്നിങ്ങനെയുള്ള മൂന്ന് കാര്യങ്ങളാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നതിന് പരിഗണിക്കുക.ഇനി ആറ് മാസക്കാലം മാത്രമേ നിങ്ങള്‍ക്ക് നിങ്ങളുടെ പ്രീയപ്പെട്ട ഫോണിനെ അകന്നിരിക്കാന്‍ സാധിച്ചുള്ളൂ എങ്കില്‍ 10,000 ഡോളര്‍ (ഏകദേശം 7.2 ലക്ഷം) നിങ്ങള്‍ക്ക് നല്‍കാമെന്നും വൈറ്റമിന്‍ വാട്ടര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
അര വർഷത്തിൽ മത്സരം അവസാനിപ്പിക്കുകയാണെങ്കിൽ ഇത്തരത്തിൽ ലഭിക്കുന്നത് സമ്മാന തുകയുടെ പത്തിൽ ഒരു ഭാഗമാണ്.
അമേരിക്കൻ പൗരത്വമുള്ളവർക്കാണ് മത്സരം. ഭൂരിഭാഗം വ്യക്തികളും വിവിധ ആവിശ്യങ്ങൾക്കായി സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരാണ്. ഓൺലൈൻ ഷോപ്പിംഗ്,ബിസിനസ്,തുടങ്ങി ഒട്ടു മിക്ക ആവിശ്യങ്ങൾക്കും സ്മാർട്ട് ഫോണിനെ ആശ്രയിക്കുന്നവരാണ് പത്തിൽ എട്ടു പേരും. ഇത്തമൊരു മത്സരം കൈകാര്യം ചെയ്യാൻ ജനങ്ങൾക്ക് എത്രത്തോളം സാധിക്കുമെന്ന് കമ്പനി ഇതിലൂടെ വിലയിരുത്തുകയാണ്.
ഒരു വര്‍ഷക്കാലം സ്മാര്‍ട്‌ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് തീര്‍ച്ചയാക്കുവാന്‍, മത്സരാര്‍ത്ഥികള്‍ മത്സര കാലയളവിന് ശേഷം നുണ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

Loading comments...