ഒരോവറില്‍ 43 റണ്‍സ്; ലോക റെക്കോര്‍ഡിട്ട് കിവി കൂട്ടുകെട്ട്

5 years ago
2

ന്യൂസിലന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഫോര്‍ഡ് ട്രോഫിയിലാണ് രണ്ട് കിവി ബാറ്റ്‌സ്മാന്‍മാര്‍ ചേര്‍ന്ന് ഒരോവറില്‍ 43 റണ്‍സ് അടിച്ചുകൂട്ടിയത്.

ലിസ്റ്റ് എയില്‍ മാത്രമല്ല, ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഒരോവറില്‍ നേടുന്ന ഏറ്റവും കൂടിയ റണ്‍സാണിത്. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സും തമ്മില്‍ നടന്ന ഏകദിനത്തിനിടെയായിരുന്നു ഈ റെക്കോഡ് പ്രകടനം. നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റിന്റെ ബാറ്റ്‌സ്മാന്‍മാരായ ജോ കാര്‍ട്ടറും ബ്രെറ്റ് ഹാംപ്ടണും സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ്‌സ് ബൗളര്‍ വില്ല്യം ലൂഡിക്കിനെ പഞ്ഞിക്കിടുകയായിരുന്നു. ഈ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ 313 റണ്‍സാണ് നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്‌സ് പടുത്തുയര്‍ത്തിയത്. ഓവറിലെ ആദ്യ പന്ത് നേരിട്ടത് ഹാംപ്റ്റണായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് ബൗണ്ടറി ലൈന്‍ കടന്നു. ഭാഗ്യത്തിന്റെ അകമ്പടിയോടെ നാല് റണ്‍സ്. പിന്നീട് ബാറ്റ്‌സ്മാന്റെ അരയ്ക്ക് മുകളില്‍ നില്‍ക്കുന്ന തരത്തില്‍ രണ്ട് ഫുള്‍ ടോസാണ് ലൂഡിക്ക് എറിഞ്ഞത്. അത് രണ്ടും നോ ബോളായി. ഒപ്പം രണ്ട് പന്തും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തി. അടുത്ത പന്തും ഹാംപ്റ്റണ്‍ സിക്‌സിലേക്ക് പറത്തിയതോടെ മൂന്നു പന്തില്‍ 24 റണ്‍സെന്ന നിലയിലായി. അടുത്ത പന്തില്‍ സിംഗിളെടുത്ത് ഹാംപ്റ്റണ്‍, കാര്‍ട്ടറിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് അടുത്ത മൂന്ന് പന്തും നിലംതൊട്ടില്ല. ഒരോവറില്‍ റണ്‍സ് 43ലെത്തി. സിംബാബ്‌വേയുടെ എല്‍ട്ടന്‍ ചിഗുംബരയുടെ റെക്കോഡാണ് ഇരുവരും ചേര്‍ന്ന മറികടന്നത്. അബഹാനി ലിമിറ്റഡിന്റെ അലാവുദ്ദീന്‍ ബാബുവിനെതിരെ 39 റണ്‍സ് നേടിയായിരുന്നു ചിംഗുബര റെക്കോഡിട്ടത്.

Loading comments...