എന്തിനാണ് മോഹന്‍ലാലിനെ പഴിചാരുന്നത്?

5 years ago
2

കേസിൽ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടൻ ജഗദീഷ്

യുവനടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് എടുത്തിട്ടില്ലെന്ന് താര സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുൻപ് ദിലീപിനെ പുറത്താക്കുന്നതു ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അമ്മ ജനറൽ ബോഡിയിൽ മുൻതൂക്കം. കേസിൽ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാടെന്നും സംഘടനാ വക്താവായ നടൻ ജഗദീഷ് അറിയിച്ചു. സംഘടനയിൽനിന്നു രാജിവച്ച നടിമാരെ തിരിച്ചെടുക്കുന്നതിൽ സന്തോഷമേയുള്ളൂ. ഇക്കാര്യം മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഏകകണ്ഠമായ തീരുമാനങ്ങൾ മോഹൻലാലിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ജഗദീഷ് പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ‘അമ്മ’യ്ക്കെതിരെ ആഞ്ഞടിച്ച് വനിത കൂട്ടായ്മ വിമൻ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംരക്ഷിക്കുകയും ഇരയായ അംഗത്തിന്റെ പരാതിക്കു നേരെ കണ്ണടക്കുകയും ചെയ്യുന്ന അമ്മ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും തെറ്റായ ദിശയിലേക്കാണ് അവർ സംഘടനയെ നയിക്കുന്നതെന്നും കൂട്ടായ്മ ആരോപിച്ചിരുന്നു. ഞങ്ങളെ അപമാനിക്കുന്ന നിലപാടാണ് സംഘടന സ്വീകരിച്ചത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകമാണ് നടക്കുന്നത്. ഞങ്ങൾക്കു മുറിവേറ്റു. വർഷങ്ങളായുള്ള നീതികേട് അവസാനിപ്പിക്കണം. ഇനി മിണ്ടാതിരിക്കാൻ തീരുമാനിച്ചിട്ടില്ല. സംഘടനക്കുള്ളിൽ നിന്നു തന്നെ പോരാടും. ഇത് ഒരു തുടക്കം മാത്രമാണെന്നും അവർ വ്യക്തമാക്കി.

Loading comments...