കുറ്റവാളിയെ വിട്ടയച്ചാല്‍ ഇരയ്ക്കും അപ്പീല്‍ പോകാം

5 years ago
4

ക്രിമിനൽ നടപടിച്ചട്ടം പ്രകാരമാണ് ഇരയ്ക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാവുന്നത്

ക്രിമിനൽ കേസുകളിൽ കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരേ ഇരയ്ക്കും മേൽക്കോടതിയിൽ അപ്പീൽ നൽകാമെന്ന് സുപ്രീം കോടതി വിധി.
ഇതുവരെ സംസ്ഥാന സർക്കാരുകൾക്കു മാത്രമായിരുന്നു ഇത്തരത്തില്‍ അനുമതി ഉണ്ടായിരുന്നത്. ക്രിമിനൽ നടപടിച്ചട്ടം (സി.ആർ.പി.സി.) പ്രകാരമാണ് ഇരയ്ക്ക് മേൽക്കോടതിയിൽ അപ്പീൽ നൽകാവുന്നത്. ജസ്റ്റിസ് മദൻ ബി. ലോകുർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് ചരിത്രവിധി.
ക്രിമിനൽ കേസുകളിൽ അപ്പീൽ നൽകാൻ അനുമതി നൽകുന്ന സി.ആർ.പി.സി. വകുപ്പായ 372-ന് ‘യാഥാർഥ്യപൂർണവും സ്വതന്ത്രവും പുരോഗമനപര’വുമായ വ്യാഖ്യാനം നൽകിയാണ് ഭൂരിപക്ഷ ബെഞ്ച് വിധിപറഞ്ഞത്. ഈ വകുപ്പിന്റെ പ്രയോജനം ഇരയ്ക്കും അനുഭവിക്കാമെന്ന് രണ്ടുപേർക്കുംേവണ്ടി ജസ്റ്റിസ് ലോകുർ എഴുതിയ വിധിയിൽ പറയുന്നു. സംസ്ഥാനത്തിനുപുറമേ ഇരയ്ക്കും പ്രതിയുടെ വിടുതലിനെതിരേ അപ്പീൽ നൽകാമെന്ന ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ പ്രമേയവും ഭൂരിപക്ഷ ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റകൃത്യം സംഭവിക്കുമ്പോൾത്തന്നെ ഇരയുടെ ദുരിതം തുടങ്ങുകയാണെന്നും പലപ്പോഴും എഫ്.ഐ.ആർ. എടുക്കുന്നതിനുപോലും പ്രയാസം നേരിടുന്നെന്നും ജസ്റ്റിസ് ലോകുർ പറയുകയുണ്ടായി. കാര്യക്ഷമമായ നിയമസഹായമോ ഉപദേശമോ കേസ് നടക്കുന്നവേളയിൽ തുല്യ പ്രാതിനിധ്യമോ ലഭിക്കുന്നതിനുള്ള പ്രയാസവും ഇരയ്ക്ക് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് സമൂഹത്തിലും, നിയമത്തിന്റെയും നീതിയുടെയും നിർവഹണത്തിലും പ്രതിഫലിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Loading comments...