എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു

5 years ago

എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി

കൈനറ്റിക് മോട്ടോറോയല്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ 'എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍' ഇന്ത്യയിലെത്തിച്ചു. എച്ച്പിഎസ് 300 ആണ് എഫ്ബി മൊണ്ടിയല്‍ നിരയില്‍ രാജ്യത്തെ ആദ്യ അതിഥി. ഒരു സ്റ്റൈലിഷ്‌ റെട്രോ-സ്‌ക്രാബ്‌ളര്‍ മോഡലാണിത്. 3.37 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് എച്ച്പിഎസ് 300 കമ്പനി ആദ്യമായി അവതരിപ്പിച്ചത്.ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മൊണ്ടിയല്‍ ബൈക്കുകള്‍ കൈനറ്റിക് ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ പ്ലാന്റിലാണ് അസംബ്ലിള്‍ ചെയ്യുക. മൊണ്ടിയല്‍ നിരയിലെ എച്ച്പിഎസ് 125 മോഡലിന്റെ അടിസ്ഥാനത്തിലാണ് എച്ച്പിഎസ് 300-ന്റെ നിര്‍മാണം. 249 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുക.24 ബിഎച്ച്പി പവറും 22 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍.
6 സ്പീഡാണ് ഗിയര്‍ബോക്‌സ്.മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് സ്‌പോക്ക്‌ വീല്‍. ആകെ 135 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സുമാണ് സസ്‌പെന്‍ഷന്‍. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം സുരക്ഷ ഉറപ്പുവരുത്തും. വില കണക്കിലെടുത്താല്‍, ഇന്ത്യയില്‍ ബിഎംഡബ്ല്യു ജി 310ജിഎസാണ് എഫ്ബി മൊണ്ടിയല്‍ എച്ച്പിഎസ് 300-ന്റെ പ്രധാന എതിരാളി.

Loading comments...