പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ രൂപങ്ങള്‍

5 years ago
3

10–ാം നൂറ്റാണ്ടിനും 15–ാം നൂറ്റാണ്ടിനുമിടയിൽ നിർമിച്ചതാകാം ഇവ

പമ്പാ തീരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള കളിമണ്‍ ആണ്‍പെണ്‍ രൂപങ്ങളും നാഗങ്ങളുടെ മാതൃകകളും കണ്ടെത്തി.ആറന്മുള ആഞ്ഞിലിമൂട്ടില്‍കടവ് പാലത്തിനു സമീപം പനവേലില്‍ പുരയിടത്തിലാണ് ഇവ കണ്ടെത്തിയത്. തിട്ടയിടിഞ്ഞ ഭാഗത്താണു ശിൽപ്പരൂപങ്ങളുടെ ശേഖരം കണ്ടെത്തിയത്. മണ്ണുനീക്കി ശേഖരിക്കാവുന്നവ എടുത്തു സുരക്ഷിതമായി കരയിലേക്ക് എത്തിച്ചിട്ടുണ്ട്. പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ നദീതീരം ഇടിഞ്ഞു വീണപ്പോൾ, പുരയിടത്തോടു ചേർന്നു നിൽക്കുന്ന മാവിന്റെ സമീപത്താണ് ഇവ കണ്ടെടുത്തത്. എസ്ഐ ജിബു ജോണിന്റെ നേതൃത്വത്തിൽ ശിൽപങ്ങൾക്കു പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. വൈകിട്ടോടെ ശിൽപ്പങ്ങൾ വാസ്തുവിദ്യാ ഗുരുകുലത്തിലേക്കു മാറ്റി.
10–ാം നൂറ്റാണ്ടിനും 15–ാം നൂറ്റാണ്ടിനുമിടയിൽ നിർമിച്ചതാകാം ഇവയെന്നാണു പ്രാഥമിക വിലയിരുത്തൽ.ശില്‍പ്പങ്ങളുടെ കൂടുതല്‍ ഭാഗങ്ങള്‍ മണ്ണിനടിയിലുണ്ടാകുമെന്ന അടിസ്ഥാനത്തിലാണു വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൂടുതല്‍ പരിശോധനയ്ക്കു സര്‍ക്കാര്‍ തയാറാകുന്നതെന്നു സ്ഥലം സന്ദര്‍ശിച്ച വീണാ ജോര്‍ജ് എംഎല്‍എ അറിയിച്ചു. ചരിത്രപരമായ കാലപ്പഴക്കം അളന്നു തിട്ടപ്പെടുത്തിയ ശേഷം ശില്‍പ്പരൂപങ്ങള്‍ ആറന്മുളയില്‍ തന്നെ മ്യൂസിയം തയാറാക്കി സൂക്ഷിക്കാനും ആലോചനയുണ്ട്.

Loading comments...