പ്രസവമുറിയിൽ ഇനിമുതൽ ഭർത്താക്കൻമാർക്ക് കൂട്ടുനിൽക്കാം

6 years ago
62

മികച്ച പ്രസവ സുരക്ഷയ്ക്കായുള്ള ‘ലക്ഷ്യ’യെന്ന പദ്ധതിപ്രകാരമാണ് പ്രസവമുറിയിൽ ഭർത്താവിന്റെ സാന്നിധ്യം അനുവദിക്കുന്നത്.തലസ്ഥാനത്തെ രണ്ടു പ്രധാന സർക്കാർ ആശുപത്രികളിൽ ഇതിനായുള്ള നടപടികൾ ഉടനുണ്ടാവും. ദേശീയ ആരോഗ്യദൗത്യമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതുമൂലം പ്രസവസമയത്തെ മാനസിക സമ്മർദം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തൽ.
ആദ്യഘട്ടത്തിൽ ജില്ലയിൽ എസ്.എ.ടി. ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഭർത്താക്കൻമാർക്ക് കൗൺസിലിങ് അടക്കമുള്ളവ നൽകും. നിലവിൽ സ്ത്രീകൾക്ക് പ്രസവസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പുനലൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഭർത്താക്കൻമാരുടെ കൂട്ടിരിപ്പ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഭർത്താക്കൻമാരുടെ സാമീപ്യം ആശ്വാസമായി ഒരു വിഭാഗം സ്ത്രീകൾ കരുതുമ്പോൾ പ്രസവം എന്താണെന്ന് പുരുഷൻമാർ കണ്ടു മനസിലാക്കണമെന്നാണ് മറ്റൊരു വിഭാഗം ചിന്തിക്കുന്നത്.എന്തായാലും ഇരുകൂട്ടർക്കും ആശ്വാസം നൽകുന്നതാണ് ‘ലക്ഷ്യ’ യെന്ന പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി ആശുപത്രികളിലെ ജീവനക്കാർക്ക്‌ പരിശീലനം നൽകും. ഇതിനായി പരിശീലനസംഘത്തെ രൂപവൽകരിച്ചിട്ടുണ്ട്‌.

Loading comments...