5 years ago

പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് അവയിൽനിന്ന് പെട്രോളും ഡീസലും ഉത്പാദിപ്പിക്കാൻ കേരളത്തിൽ പദ്ധതിയൊരുങ്ങുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ എൻജിനീയറിങ് കൺസൾട്ടൻസി വിഭാഗമായ ‘ഫെഡോ’യും കോഴിക്കോട് എൻ.ഐ.ടി.യും ചേർന്നാണ് ഇതിന് രൂപം നൽകുന്നത്.പ്ലാസ്റ്റിക് മാലിന്യ നിർമാർജനത്തിലൂടെ പെട്രോളും ഡീസലും ഉത്പാദിപ്പിക്കാമെന്ന ശ്രദ്ധേയമായ കണ്ടുപിടിത്തം നടത്തിയത് കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫ. ലിസ ശ്രീജിത് ആണ്. ലബോറട്ടറിയിൽ ഇതിന്റെ മാതൃകാ യൂണിറ്റുണ്ടാക്കി ഇന്ധനം പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി ഉത്പാദിപ്പിക്കുകയും ചെയ്തിട്ടുണ്ട്.വിവിധ സ്ഥലങ്ങളിൽ നടത്തിയ ഗവേഷണങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രക്രിയയുടെ ഭാഗമായി പെട്രോൾ തുടങ്ങിയ ഇന്ധനങ്ങൾ ഉത്പാദിപ്പിക്കാമെന്ന്‌ തെളിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ഇന്ധനമായി മാറ്റുമ്പോൾ വൻതോതിൽ വിഷവാതകങ്ങളും മറ്റുമുണ്ടാകുന്നത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു.എന്നാൽ, കോഴിക്കോട് എൻ.ഐ.ടി.യിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ യാതൊരുവിധ വിഷവാതകങ്ങളൊ മറ്റു മാലിന്യങ്ങളൊ ഉണ്ടാകുന്നില്ല. ചിലയിടങ്ങളിൽ വികസിപ്പിച്ചെടുത്ത പ്രക്രിയയിൽ പ്ലാസ്റ്റിക്‌ മാലിന്യം തരംതിരിച്ച് ചില പ്രത്യേക തരം പ്ലാസ്റ്റിക്‌ മാത്രം ഉപയോഗിച്ചായിരുന്നു ഉത്പാദനം. ചില പ്രക്രിയയിൽ ഇന്ധന ഉത്പാദനത്തിന് വിലയേറിയ കാറ്റലിസ്റ്റുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ, എൻ.ഐ.ടി.യുടെ കണ്ടുപിടിത്തത്തിൽ ഒരുവിധ കാറ്റലിസ്റ്റും ഉപയോഗിക്കുന്നില്ല. ഇത്തരം സവിശേഷതകൾ എൻ.ഐ.ടി.യുടെ കണ്ടുപിടിത്തം വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയം ആക്കുമെന്നാണ് പ്രതീക്ഷ.

Loading comments...